കായംകുളം: ചുവട് വയ്ക്കുമ്പോൾ ഇളകുന്ന പലകവേദി ഉപേക്ഷിച്ച് നിലത്തിറങ്ങി മത്സരിച്ച് ഓട്ടൻതുള്ളൽ മത്സരാർത്ഥികൾ. സ്ഥിരം സ്റ്റേജ് സംവിധാനമുള്ള വേദി വേണമെന്ന് മുൻകൂട്ടി അറിയിച്ചിട്ടും സംവിധാനങ്ങൾ ഒരുക്കിയില്ലെന്ന് കലാ അദ്ധ്യാപകരും രക്ഷിതാക്കളും ആരോപിച്ചു. ബി.എസ് സെന്ററിന്റെ പുതിയ ഓഡിറ്റോറിയത്തിലാണ് പലക കൊണ്ട് വേദി നിർമ്മിച്ചിരുന്നത്. ഇതേ വേദിയിൽ ഇന്നലെ രാവിലെ നങ്ങ്യാർ കൂത്ത്, കൂടിയാട്ടം, മത്സരങ്ങൾ നടന്നപ്പോഴും സ്ഥല പരിമിതി മത്സരാർത്ഥികൾക്ക് ബുദ്ധിമുട്ടായിരുന്നു.

മത്സരാർത്ഥികളും മേളക്കാരും നിരന്നുകഴിഞ്ഞാൽ നിന്നുതിരിയാൻ ഇടമില്ലാത്തവിധം നിർമ്മിച്ച സ്റ്റേജാണ് കുട്ടികളെ വിഷമിപ്പിച്ചത്. ചുവടുവച്ചുള്ള കലാപ്രകടനങ്ങൾക്ക് സ്ഥിരമായ സ്റ്റേജ് സംവിധാനം ആവശ്യമാണെന്നിരിക്കെ തട്ടിക്കൂട്ടിയ സ്റ്റേജിലായിരുന്നു കൂത്തും കൂടിയാട്ടവും തുള്ളലും അരങ്ങേറിയത്. മതിയായ വെളിച്ചവുമുണ്ടായിരുന്നില്ല. മത്സരാർത്ഥിയുടെ ഉച്ചിയിൽ പതിക്കുംവിധമുള്ള ഒരു ലൈറ്റ് അല്ലാതെ കണ്ണുകളുടെയും ചുണ്ടിന്റെയും പുരികക്കൊടികളുടെയും ചലനങ്ങളും മുഖത്തെ ഭാവമാറ്റങ്ങളും കിറുകൃത്യമായി അറിയാൻ കഴിയും വിധമായിരുന്നില്ല വേദിയിലെ വെളിച്ച സംവിധാനം. എച്ച്.എസ്, എച്ച്.എസ്.എസ്.എസ് വിഭാഗങ്ങളിൽ നിന്നായി വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ് മത്സരാർത്ഥികളായി ഉണ്ടായിരുന്നത്.

തുള്ളൽ മത്സരങ്ങൾക്ക് മതിയായ സ്ഥലസൗകര്യമുള്ള സ്റ്റേജും കലാകാരന്റെ മുഖഭാവങ്ങൾ വേദിയിലുള്ളവർക്ക് മനസിലാക്കാൻ കഴിയും വിധത്തിലുള്ള വെളിച്ച സംവിധാനങ്ങളും വേണം

- കലാമണ്ഡലം ഗണേശ്