എതിർപ്പുമായി പ്രതിപക്ഷം
ആലപ്പുഴ: നഗരസഭയിൽ ശുചീകരണത്തിനായി എംപ്ളോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിച്ച താൽക്കാലിക തൊഴിലാളികളെ പ്രതിപക്ഷത്തിന്റെ എതിർപ്പോടെ സ്ഥിരപ്പെടുത്തി. 81 തൊഴിലാളികളെയാണ് ഇന്നലത്തെ കൗൺസിൽ സ്ഥിരപ്പെടുത്തിയത്.
അഭിമുഖം,ശാരീരികക്ഷമത പരീക്ഷ എന്നിവ നടത്തി കഴിഞ്ഞവർഷം ജോലിക്ക് പ്രവേശിച്ച തൊഴിലാളികൾ ഒരു വർഷം പൂർത്തീകരിച്ച ഘട്ടത്തിലാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്ക് സ്ഥിരനിയമനം നൽകാൻ കൗൺസിൽ തീരുമാനിച്ചത്. തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്കരിച്ചു. വഴിവിട്ട നിയമനം നടത്തുവാനുള്ള കൗൺസിൽ തീരുമാനത്തിലും മോഷണത്തിന്റെ പേരിൽ നഗരസഭയിൽ നിന്നും പുറത്താക്കിയ ജീവനക്കാരനെ സ്ഥിര നിയമനത്തോടെ തിരികെ എടുക്കുവാനുമുള്ള അജണ്ടയിലും വിയോജനം രേഖപ്പെടുത്തി നഗരസഭ പ്രതിപക്ഷാംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
നഗരസഭയിൽ 204 ശുചീകരണ തൊഴിലാളികളുടെ തസ്തികകൾ 81പേരെ സ്ഥിരപ്പെടുത്തിയതിനു ശേഷം 36 ഒഴിവുകൾ കൂടി നികത്തുവാനുണ്ട്. ഒഴിവുകൾ എംപ്ലോയ്‌മെന്റിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിന് കൗൺസിൽ തീരുമാനിച്ചു.
ആലപ്പുഴ ബീച്ചിൽ പോർട്ടിന്റെ അനുമതിയോടെ ബീച്ചിലും നഗരത്തിലെ മറ്റു കേന്ദ്രങ്ങളിലും ആരംഭിക്കുന്ന കാർണിവൽ പരിപാടികൾ നഗരസഭയുടെ കർശനനിരീക്ഷണത്തിൽ മാത്രമേ നടത്താൻ അനുവദിക്കുകയുള്ളുവെന്ന് കൗൺസിൽ തീരുമാനിച്ചു.
കഴിഞ്ഞ വർഷം ബീച്ചിൽ കാർണിവൽ നടത്തിയവർ മാലിന്യം കടപ്പുറത്ത് മൂടിയ സംഭവം ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള കരുതൽ ഉറപ്പാക്കും.
നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷം ധർണ്ണ നടത്തി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ലിസ്റ്റിൽ ഇല്ലാത്ത ഒരാളെ സ്ഥിര നിയമനം നടത്തുവാനുള്ള കൗൺസിൽ അജണ്ടയിൽ വിയോജിച്ച് പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ ബഹിഷ്കരിച്ച് നഗരസഭകവാടത്തിൽ ധർണ്ണനടത്തി. പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു ധർണ ഉദ്ഘാടനം ചെയ്തു. സജേഷ് ചാക്കുപറമ്പിൽ, പി.എസ്.ഫൈസൽ, കൊച്ചുത്രേസ്യ ജോസഫ് ,സുമം സ്‌കന്ദൻ ,ജി.ശ്രീലേഖ , ബിജി ശങ്കർ ,പി.ജി.എലിസബത്ത്, അമ്പിളി അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.