
കായംകുളം: മത്സരങ്ങൾ അരങ്ങ് തകർക്കുമ്പോഴും മത്സരവേദിയും പരിസരവും ശുചിയായി സൂക്ഷിക്കുന്ന കാര്യത്തിൽ മാതൃകയായി കായംകുളം നഗരസഭയിലെ ഹരിത കർമ്മസേന. കുപ്പിയുൾപ്പെടെയുള്ള പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ 'ബോട്ടിൽ ഭൂത'ത്തിന്റെ സഹായത്തോടെ ബോധവത്കരണം നടത്തിയ നഗരസഭയിലെ ഹരിത കർമ്മസേന കൺസോർഷ്യം ടീം വേദികളും പരിസരവും നൂറ് ശതമാനവും മാലിന്യമുക്തമാക്കിയാണ് മാതൃകയായത്. എല്ലാ വേദികളിലും മൂന്നംഗ ഹരിത കർമ്മ സേനാ വിഭാഗം ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് സംഭരണ സംസ്കരണ ശാലകളിലേക്ക് മാറ്റിയാണ് ലക്ഷ്യം കൈവരിക്കുന്നത്. നഗരസഭയിലെ ഹെൽത്ത് സൂപ്പർ വൈസർ ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ധന്യ , കൺസോർഷ്യം സെക്രട്ടറി അനിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ 69 അംഗ ഹരിത കർമ്മ സേനയാണ് രംഗത്തുള്ളത്. വേദിയിലേക്ക് കുട്ടികളെ വരവേൽക്കാൻ തെങ്ങോലയിൽ തീർത്ത മയിൽപ്പീലിയും ഏറെ ഹൃദ്യമായി.