മുഹമ്മ: വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ കാപ്പ കേസിലുൾപ്പെട്ട പ്രതി വാദിയെ ഭീഷണിപ്പെടുത്തിയും മർദിച്ചും കേസ് ഒത്തുതീർപ്പാക്കുവാൻ ശ്രമിച്ചതിന് മണ്ണഞ്ചേരി പൊലീസ് കേസെടുത്തു . മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് ദുർഗാവീട്ടിൽ ഹരികുമാറിനെ(28) ആക്രമിച്ച കേസിലാണ് കാട്ടൂർ സ്വദേശി ബിനു, ശരത് ബാബു, പൊള്ളോക്ക് എന്നിവരെ പ്രതികളാക്കി മണ്ണഞ്ചേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തത്. ഹരികുമാറിനെ വെട്ടികൊലപ്പെടുത്തുവാൻ ശ്രമിച്ചതിന് ബിനു പ്രതിയായ കേസിന് വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കോർത്തുശേരി ക്ഷേത്രത്തിന് സമീപം ഹരികുമാറിനെ തടഞ്ഞുനിർത്തി മർദിക്കുകയും കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്. ഒരു വർഷത്തെ തടവ് കഴിഞ്ഞ് കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറങ്ങിയ ബിനുവിന് എതിരെ വീണ്ടും പല പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.