കായംകുളം : മൂകാഭിനയം ഹയർ സെക്കൻഡറി വിഭാഗത്തിൽ തുടർച്ചയായി പന്ത്രണ്ടാം വർഷവും ആലപ്പുഴയെ പ്രതിനിധീകരിച്ച് മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സംസ്ഥാന കലോത്സവത്തിലെത്തും. ഓൺലൈൻ മൊബൈൽ വായ്പാ കെണി വിഷയമാക്കിയായിരുന്നു വിദ്യാർത്ഥികളുടെ അഭിനയം. പന്ത്രണ്ടാം വർഷവും ഒരേ പരിശീലകന് കീഴിലാണ് സ്കൂൾ മിന്നും നേട്ടം സ്വന്തമാക്കിയത്. തിരുവനന്തപുരം സ്വദേശിയും ഇന്റർനാഷണൽ മൈം തിയറ്റർ അംഗവുമായ ആദം ഷായാണ് പരിശീലകൻ. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ടീം സംസ്ഥാന തലത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ടായിരുന്നു. രണ്ടര മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് വിദ്യാർത്ഥികൾ വേദിയിലെത്തിയത്. അടുത്ത ദിവസം സ്കിറ്റിലും വിദ്യാർത്ഥികൾ മത്സരിക്കുന്നുണ്ട്.