കായംകുളം: വയനാടിന് കൈത്താങ്ങാകാൻ വിദ്യാർത്ഥികൾ ആരംഭിച്ച ടീ സ്റ്റാൾ 'അടച്ചുപൂട്ടൽ' ഭീഷണിയിൽ.195ാം നമ്പർ എൻ.എസ്.എസ് ബോയ്സ് യൂണിറ്റാണ് കലോത്സവവേദിക്ക് സമീപം ചായ, കാപ്പി, സംഭാരം തുടങ്ങിയവയും ചെറുകടികളും കപ്പ, ഐസ്ക്രീം, ശീതള പാനീയങ്ങൾ എന്നിവ ഉൾപ്പെടെ വിൽപ്പന നടത്തുന്ന സ്റ്റാൾ ആരംഭിച്ചത്. വയനാടിനായി യൂണിറ്റ് 25000 രൂപ നൽകണമെന്ന നിർദ്ദേശപ്രകാരം തുക കണ്ടെത്താനാണ് ഈ ഉദ്യമവുമായി അവർ രംഗത്തുവന്നത്. ആദ്യ ദിനത്തിൽ മികച്ച കച്ചവടവും നടന്നു. എന്നാൽ, രണ്ടാംദിനം സ്വകാര്യ സ്ഥാപനങ്ങൾ കച്ചവടവുമായി രംഗത്ത് വന്നതോടെ കുട്ടികൾ വാങ്ങി വച്ച പല സാധനങ്ങളും മിച്ചമായി. വലിയ നഷ്ടവും ഉണ്ടായി. ഇതിനിടെ ആരോഗ്യ വകുപ്പിന്റെ അകാരണമായ പരിശോധനകളും ഉണ്ടായി. പേപ്പർ ഗ്ളാസുകൾ ഉൾപ്പടെ മാറ്റി വാങ്ങാൻ അവർ നിർദ്ദേശിക്കുകയും ചെയ്തതോടെ നഷ്ടക്കച്ചവടമായി. ഈ സ്ഥിതി തുടർന്നാൽ അടുത്തദിവസം തന്നെ സ്റ്റാളിൽ പൂട്ടേണ്ടി വരും. അദ്ധ്യാപികയായ രാജലക്ഷ്മിയുടെ നേതൃത്വത്തിൽ നൂറോളം വിദ്യാർത്ഥികളാണ് രാവിലെ 9 മുതൽ രാത്രി 10 മണി വരെ സ്റ്റാളിൽ പ്രവർത്തിക്കുന്നത്.