കായംകുളം: പനിച്ചൂടിൽ തളർന്ന് വീണെങ്കിലും തിരിച്ചെത്തി എ ഗ്രേഡ് നേടി സ്വന്തമാക്കി തൃതീയ. കടുത്ത പനിയോടെയാണ് ഇലിപ്പക്കുളം കെ.കെ.എം.ജി.വി.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസുകാരി തൃതിയ അനൂപ് യു.പി വിഭാഗം ഭരതനാട്യ വേദിയിലെത്തിയത്. കളിക്കുന്നതിനിടക്ക് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിൽ കുഴഞ്ഞു വീണു. ആദ്യമായി ജില്ലാതല മത്സര വേദിയിൽ എത്തിയിട്ടും കളിച്ചു പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന സങ്കടത്തോടെ വേദി വിട്ട് ഇറങ്ങേണ്ടി വരുമെന്നോർത്ത് കരഞ്ഞു. എന്നാൽ ഡി.ഡി.ഇയുടെ അനുമതി വാങ്ങി വീണ്ടും വേദിയിലെത്തി എ ഗ്രേഡ് നേടി. അടുത്ത ദിവസങ്ങളിൽ നടക്കുന്ന നാടോടി നൃത്തം, മോറിനിയാട്ടം എന്നിവയിലും തൃതീയ മത്സരിക്കുന്നുണ്ട്. ക്രയിൻ ഓപ്പറേറ്ററായ അനൂപിന്റെയും ലക്ഷ്മിയുടെയും മകളാണ് തൃതിയ.