ചെന്നിത്തല: വഴിയോരത്ത് ആരോ നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യം വ്യാപാരിയുടെതാണെന്ന് പറഞ്ഞ് 5000 രൂപ പിഴ അടപ്പിച്ചതായി പരാതി. ചെന്നിത്തല കോട്ടമുറിയിൽ പ്രവർത്തിക്കുന്ന മൊബൈൽ കടയുടമയ്ക്കാണ് ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് സെക്രട്ടറിയും ഹെഡ് ക്ലർക്കും ചേർന്ന് 5000 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയത്. തന്റെ കടയിലെ പ്ലാസ്റ്റിക് മാലിന്യമല്ലെന്നും കടയിലെ മാലിന്യങ്ങൾ റോഡിൽ നിക്ഷേപിക്കാറില്ലെന്നും കടയുടമ പറഞ്ഞിട്ടും ചെവിക്കൊള്ളാതെയാണ് പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയത്. നിരപരാധിയായ വ്യാപാരിയെ ഭീഷണിപ്പെടുത്തി 5000 രൂപ പിഴ അടപ്പിച്ചതിൽ മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ (എം.ആർ.ആർ.എ കേരള) ആലപ്പുഴ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ ശിവജി അറ്റ്ലസ് പ്രതിഷേധിച്ചു. അനാവശ്യ നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും

അദ്ദേഹം അറിയിച്ചു.