
മാന്നാർ: അപ്പർ കുട്ടനാടൻ മേഖലയിൽ മാന്നാർ കുരട്ടിശ്ശേരി പുഞ്ചയിൽപെട്ട വേഴത്താർ, കണ്ടങ്കേരി, അരിയോടിച്ചാൽ, കുടവള്ളാരി പാടശേഖരങ്ങളിൽ പമ്പിംഗ് നടത്താൻ വൈദ്യുതി ഇല്ലാത്തതിനാൽ നെൽകൃഷി പ്രതിസന്ധിയാകുന്നു. പുഞ്ചകൃഷിക്ക് ഈ പാടങ്ങളിൽ ട്രാക്ടർ ഉഴവ് നടത്തിക്കൊണ്ടിരിക്കുന്നതും ഭാഗികമായി വിത നടത്തിയിട്ടുള്ളതുമാണ്. മുക്കം വാലേൽ ബണ്ട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കേണ്ടതിനാൽ കെ.എസ്.ഇ.ബി വൈദ്യുതി വിഛേദിച്ചതാണ് പമ്പിംഗിന് തടസമായത്. പാടശേഖരങ്ങളുടെ ഇരുഭാഗങ്ങളിലായി അച്ചൻകോവിലാറും പമ്പയാറുമാണുള്ളത്. ഇവിടങ്ങളിലേക്ക് പമ്പിംഗ് നടത്താൻ സാധിക്കാത്തതും ഇലമ്പനംതോട്ടിലെ പോള നീക്കം ചെയ്യാത്തതിനാൽ നീരൊഴുക്ക് തടസപ്പെട്ടതും കൃഷിക്ക് കാലതാമസം നേരിടും. ഇതിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ഈ വർഷം നെൽകൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് പാടശേഖര സമതി ഭാരവാഹികൾ അറിയിച്ചു.