
ചേർത്തല: ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിന്റെ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ച് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.പെരുന്നാളിന് മുന്നോടിയായി സർക്കാർ സംവിധാനങ്ങൾ വരുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് പള്ളിയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തിരുന്നാൾ ദിവസങ്ങളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള വെള്ളത്തിന്റെ ലഭ്യത വാട്ടർ അതോറിട്ടി ഉറപ്പാക്കണം. മദ്യം,മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം തടയുന്നതിന് പൊലീസും എക്‌സൈസ് വിഭാഗവും സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കും.കെ.എസ്.ആർ.ടി.സി കഴിഞ്ഞ തവണത്തേക്കാൾ അധികം ബസ് സർവീസുകൾ ആലപ്പുഴ,ചേർത്തല ഡിപ്പോകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യും. ആലപ്പുഴ, ചേർത്തല ഡിപ്പോകളിൽ നിന്ന് 20 ബസുകൾ സർവീസ് നടത്തും.യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് ആശ സി. എബ്രഹാം,ചേർത്തല സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, ബസിലിക്ക റെക്ടർ ഫാ.യേശുദാസ് കാട്ടുങ്കൽതയ്യിൽ,എ.എസ്.പി. ഹരിഷ് ജെയിൻ, ചേർത്തല തഹസിൽദാർ കെ.ആർ.മനോജ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.