കായംകുളം: മിനി സ്ക്രീനിലെ മിന്നും താരം ഹരിപ്പാട് ഗവ.ഗേൾസ് ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആർ.എസ്.ബാലാമണിക്ക് ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിൽ ഒന്നാം സ്ഥാനം. പുരാതന ആചാരമായ സതിയിൽ തുടങ്ങി എ.ഡി.എമ്മിന്റെ ആത്മഹത്യ വരെയുള്ള സംഭവങ്ങളാണ് ബാലാമണി അവതരിപ്പിച്ചത്. അങ്ങനെ അർജുനും മനാഫുമൊക്കെ ബാലാമണിയിലൂടെ വേദിയിലെത്തി. സജി ഓച്ചിറയുടെ ശിക്ഷണത്തിലാണ് പരിശീലനം.
കഴിഞ്ഞ വർഷം ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ ഫസ്റ്റ് എ ഗ്രേഡും നേടിയിരുന്നു. അഭിനയത്തിൽ തിളങ്ങണമെന്നതാണ് ബാലാമണിയുടെ ആഗ്രഹം.
ടെവിവിഷൻ ചാനലിലെ ഡ്രാമ ജൂനിയർ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു.
കളർമീൻ മീഡിയ യുട്യൂബ് ചാനലിലെ വെബ് സീരീസ്, നിരവധി ടെലിവിഷൻ ഷോകൾ എന്നിവയിലും ബാലാമണി പങ്കെടുത്തിട്ടുണ്ട്. ഹരിപ്പാട് സോമതീർത്ഥം സതീഷിന്റെയും റാണിയുടെയും മകളാണ്. നർത്തകിയും അവതാരകയുമായ പാർവതി സഹോദരിയാണ്.