കായംകുളം: ഗോത്രനൃത്തങ്ങൾ മുതൽ ജനപ്രിയ ഇനമായ ഒപ്പന വരെ അരങ്ങേറിയ മൂന്നാം ദിനം കാണിക്കളുടെ നിറഞ്ഞ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. പളിയ, മംഗലംകളി തുടങ്ങിയ നൃത്ത ഇനങ്ങൾ എന്തെന്ന് കണ്ടു മനസിലാക്കാൻ എത്തിയവരായിരുന്നു അധികവും. വനമില്ലാത്ത ആലപ്പുഴയിൽ ആദിവാസി വിഭാഗത്തിന്റെ നൃത്ത ഇനങ്ങൾക്ക് വൻ സ്വീകാര്യത ലഭിച്ചു. പക്ഷേ മത്സരിക്കാനെത്തിയ ടീമുകളുടെ എണ്ണം കുറവായിരുന്നു. മൂന്ന് ടീമുകൾ മത്സരിച്ച എച്ച്.എസ്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെ ചൊല്ലി തർക്കമുയർന്നു.

മൈലാഞ്ചി മൊഞ്ച് നിറഞ്ഞ സന്ധ്യയിൽ ഒന്നാം വേദി ഒപ്പന കാണാൻ നിറഞ്ഞു കവിഞ്ഞ സദസ്സായിരുന്നു.

മൂന്നാം ദിനത്തിലും പരാതികളിൽ കുറവില്ലായിരുന്നു. വിധികർത്താക്കൾക്ക് യോഗ്യതയില്ലെന്നാരോപിച്ച് മോഹിനിയാട്ട വേദിയിൽ രക്ഷിതാക്കൾ നടത്തിയ പ്രതിഷേധം കൈയാങ്കളിയുടെ വക്കോളമെത്തി. ജഡ്ജസിനെ കൂകി അപമാനിച്ചു. നാടക വേദിയിൽ അസൗകര്യങ്ങളുടെ അപാകതയ്ക്കെതിരെ ഒന്നാം സ്ഥാനക്കാർ തന്നെ രംഗത്തെത്തി. ആവശ്യത്തിന് വലിപ്പമില്ലാതിരുന്ന വേദിയിൽ ചമയങ്ങൾ നിരത്താൻ പോലും ടീമുകൾ ബുദ്ധിമുട്ടി. മൈക്ക് പ്രവർത്തിക്കാതിരുന്നതും, വോൾട്ടേജ് കുറവും ബുദ്ധിമുട്ട് സൃഷ്ടിച്ചു. ജനപ്രിയ ഇനമായ മോണോ ആക്ട് മികച്ച നിലവാരം പുലർത്തി.

ഇന്ന് മത്സര വേദികൾക്ക് അവധിയാണ്. നാളെ സംഘനൃത്തം, കോൽക്കളി, കുച്ചിപ്പുടി തുടങ്ങിയ ഇനങ്ങളുണ്ടാവും.