ചേർത്തല: മത്സ്യത്തൊഴിലാളിയെ അക്രമിച്ച കേസിലെ പ്രതികളായ അച്ഛനെയും മകനെയും ആറുവർഷവും ഒരുമാസവും തടവും 20,​000 രൂപ വീതം പിഴയും ശിക്ഷിച്ചു.

തുറവൂർ പള്ളിത്തോട് കോയിൽപറമ്പിൽ ടോമി, മകൻ ലിന്റോ എന്നിവരെയാണ് ചേർത്തല അസി.സെഷൻസ് ജഡ്ജ് എസ്.ലക്ഷ്മി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. പള്ളിത്തോട് ചിറമേൽ വീട്ടിൽ ആന്റോയ്ക്കാണ് അക്രമത്തിൽ മാരകമായി പരിക്കേറ്റത്.

2018 നവംബർ മാസം 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യത്തൊഴിലാളിയായ ആന്റോ രാവിലെ പള്ളിത്തോട് ജംഗ്ഷനിൽ ചായകുടിക്കാൻ എത്തിപ്പോൾ മുൻ വിരോധം തീർക്കാൻ കാത്തിരുന്ന ടോമിയും മകൻ ലിന്റോയും ചേർന്ന് ഇരുമ്പ് പൈപ്പുകൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയോട്ടിക്ക് പൊട്ടലും കാലിന് ഒടിവും സംഭവിച്ച ആന്റോയെ തുറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

കുത്തിതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർമാരായ രമേശൻ,സജിമോൻ,ചന്ദ്രശേഖരൻ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി.രാധാകൃഷ്ണൻ ഹാജരായി.