കായംകുളം: മൈലാഞ്ചി മൊഞ്ചും നുണക്കുഴിച്ചിരിയുമായി വേദിയിൽ എത്തുന്ന മണവാട്ടി. ഇമ്പത്തിൽ പാട്ടു പാടിയും പാട്ടിനൊത്ത് താളത്തിൽ കൈ കൊട്ടിയും സഖിമാർ. ഒപ്പനപ്പാട്ടിന്റെ ഇശൽ മഴയിൽ കലോത്സവ വേദിയിൽ മൊഞ്ചത്തിമാർ നിറഞ്ഞാടി. നാരിമാരുടെ വാഴ്ത്തിപ്പാട്ടും മണവാട്ടിയുടെ നാണച്ചിരിയും ചന്തത്തിലുള്ള ചുവടുകളും കൂടിയായപ്പോൾ സംഗതി ജോറായി. ജില്ലാ കലോത്സവത്തിൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം നമ്പർ വേദിയിൽ ഒപ്പനപ്പാട്ടിന്റെ ശീലുകളും മൊഞ്ചത്തിമാരുടെ കൈകൊട്ടിക്കളിയും നിറഞ്ഞാടിയപ്പോൾ സദസും നിറഞ്ഞു കവിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ശുഷ്കമായ സദസ് ഒപ്പന മൽസരമെത്തിയതോടെയാണ് നിറഞ്ഞുകവിഞ്ഞത് . സദസിൽ ഏറെയും സ്ത്രീകളായിരുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മൽസരങ്ങളായിരുന്നു അരങ്ങേറിയത്.