
ന്യൂഡൽഹി : വെനസ്വേലയിൽ നവംബർ 4,5 തീയതികളിൽ നടക്കുന്ന ഫാസിസത്തിനെതിരെയുള്ള ആഗോള പാർലമെന്ററി സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യസഭാ എം.പിയും സി.പി.എം നേതാവുമായ ഡോ.വി.ശിവദാസന് യാത്രാനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. വെനസ്വേല ഉപരാഷ്ട്രപതി പെഡ്രോ ഇൻഫെന്റയുടെ ക്ഷണപ്രകാരം ഇന്ന് പോകാനിരിക്കെയാണ് വിദേശ മന്ത്രാലയം 'പൊളിറ്റിക്കൽ ക്ലിയറൻസ്' നിഷേധിച്ചത്.
പ്രതിഷേധം അറിയിച്ച് വി.ശിവദാസൻ, വിദേശ മന്ത്രി എസ്. ജയശങ്കറിന് കത്തു നൽകി. വസ്‌തുതകൾ പുറംലോകം അറിയരുത് എന്ന നിലപാടാണ് നടപടിക്ക് കാരണമെന്ന് ശിവദാസൻ ആരോപിച്ചു. വെനസ്വേല പാർലമെന്റ് ( നാഷണൽ അസംബ്ലി) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് വെനസ്വേല. അവിടേക്ക് യാത്രാനുമതി നിഷേധിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും, പൊളിറ്റിക്കൽ ക്ലിയറൻസ് എന്ന നടപടിയെ ജനങ്ങൾ ചോദ്യം ചെയ്യുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.