d

ന്യൂഡൽഹി: സാമ്പത്തിക വിദഗ്ദ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായ ബിബേക് ദെബ്രോയ് (69) അന്തരിച്ചു. കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. അസാം സ്വദേശിയാണ്.

ധനകാര്യ മന്ത്രാലയത്തിൽ നിയമപരിഷ്കാരങ്ങൾ സംബന്ധിച്ച പദ്ധതിയുടെ മുൻ ഡയറക്‌ടറും 2019 ജൂൺ 5 വരെ നിതി ആയോഗ് അംഗവുമായിരുന്നു. പൂനെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സ് (ജി.ഐ.പി.ഇ), ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ട്രേഡ്, കൊൽക്കത്ത പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലും പ്രവർത്തിച്ചു. നിരവധി പുസ്തകങ്ങളും പേപ്പറുകളും ജനപ്രിയ ലേഖനങ്ങളും രചിച്ചിട്ടുണ്ട്. മഹാഭാരതം,​ ഭഗവദ് ഗീത,​ വാത്‌മീകി രാമായണം എന്നിവ വിവർത്തനം ചെയ്തിട്ടുണ്ട്. ജി.ഐ.പി.ഇ ചാൻസലർ സ്ഥാനത്ത് നിന്ന് അദ്ദേഹം അടുത്തിടെ രാജിവച്ചിരുന്നു. സ്ഥാപനത്തിന്റെ വൈസ് ചാൻസലർ അജിത്റാനഡെയെ ദേബ്രോയ് പിരിച്ചുവിട്ട നടപടി ബോംബെ ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തിലായിരുന്നു രാജി. സാമ്പത്തിക ശാസ്ത്രം, ചരിത്രം, സംസ്കാരം, രാഷ്ട്രീയം, ആത്മീയത തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള ഉന്നത പണ്ഡിതനായിരുന്നു ഡോ. ബിബേക് ദേബ്‌റോയിജിയെന്നും തന്റെ കൃതികളിലൂടെ ഇന്ത്യയുടെ ബൗദ്ധിക ഭൂപ്രകൃതിയിൽ മായാത്ത മുദ്ര പതിപ്പിച്ചെന്നും അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചിച്ചു. ഭാര്യ: സുപർണ ബാനർജി.