
ന്യൂഡൽഹി: കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിന്തുണയോടെ അഴിഞ്ഞാടുന്ന ഖാലിസ്ഥാൻ ഭീകരർ ഹിന്ദു ക്ഷേത്രം ആകമിച്ചു. ബ്രാംപ്ടണിലെ ഹിന്ദുസഭാ ക്ഷേത്രത്തിൽ ഞായറാഴ്ചയായിരുന്നു ആക്രമണം. ക്ഷേത്രാങ്കണത്തിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളളെയുമടക്കം ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന്  പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഖാലിസ്ഥാൻ പതാകയേന്തിയ സംഘം വടികളുമായി ആക്രമിക്കുന്ന വീഡിയോ ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ പങ്കുവച്ചിരുന്നു. ശക്തമായി പ്രതിഷേധിച്ച ഇന്ത്യ കടുത്ത നടപടിയും ആവശ്യപ്പെട്ടു. ഇന്ത്യക്കാരുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ആക്രമണത്തിനെതിരെ സമാധാനമായി പ്രതിഷേധിച്ചവരെ കനേഡിയൻ പൊലീസ് ലാത്തി ചാർജ്ജും ചെയ്തു. ആരാധനാലയങ്ങളുടെ സംരക്ഷണം ട്രൂഡോ ഉറപ്പാക്കണം.
അക്രമം നിർഭാഗ്യകരമെന്നും അംഗീകരിക്കാനാവില്ലെന്നും കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവ്റ പറഞ്ഞു. ഭീകരവാദികളുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്ന് ടൊറന്റോ എം.പി കെവിൻ വൂങ് കുറ്റപ്പെടുത്തി. ക്രിസ്ത്യാനികളെയും ജൂതരെയും ഹിന്ദുക്കളെയും സംരക്ഷിക്കുന്നതിൽ ട്രൂഡോ പരാജയപ്പെട്ടു. ഖാലിസ്ഥാൻ അനുകൂലികൾ അതിരുവിട്ടെന്ന് പാർലമെന്റ് അംഗം ചന്ദ്ര ആര്യ ചൂണ്ടിക്കാട്ടി.
ഖാലിസ്ഥാൻ ഭീകരരെ വധിക്കാൻ കേന്ദ്ര മന്ത്രി അമിത് ഷാ ഉത്തരവിട്ടെന്ന കാനേഡിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണിന്റെ ആരോപണം, നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ അനാവശ്യമായി നിരീക്ഷിക്കൽ, പാർലമെന്റ് ഹില്ലിലെ ദീപാവലി ആഘോഷം റദ്ദാക്കിയത്, സൈബർ ആക്രമണ ആരോപണം തുടങ്ങിയവയുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ കനത്ത സ്വരത്തിൽ മറുപടി നൽകിയതാണ്. ഇന്ത്യാവിരുദ്ധ അന്തരീക്ഷം വളർത്തുന്ന നീക്കങ്ങൾ നയതന്ത്ര ബന്ധത്തെ വഷളാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പും നൽകിയിരുന്നു. 
ആക്രമണം കോൺസുലർ ക്യാമ്പിനിടെ
 തലസ്ഥാനമായ ടൊറന്റോയ്ക്ക് സമീപമാണ് ബ്രാംപ്ടൺ ക്ഷേത്രം. ഹിന്ദുസഭാ മന്ദിറിന്റെ സഹകരണത്തോടെ ഞായറാഴ്ച ഇന്ത്യൻ ഹൈക്കമ്മിഷൻ ഇവിടെ കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം.
 വാൻകൂവറിലും സറേയിലും നവംബർ 2, 3 തീയതികളിൽ നടന്ന ക്യാമ്പുകളും തടസപ്പെടുത്താൻ ശ്രമിച്ചു. കോൺസലിന്റെ ജോലികൾ തടസപ്പെടുത്തുന്നത് പതിവായിട്ടും നടപടിയില്ലെന്ന് ഇന്ത്യൻ മിഷൻ പറഞ്ഞു. ഇന്ത്യൻ പൗരന്മാർ ഉത്കണ്ഠാകുലരാണ്
 അക്രമമുണ്ടായിട്ടും ഞായറാഴ്ച 1000ലധികം ഇന്ത്യൻ, കനേഡിയൻ അപേക്ഷകർക്ക് ലൈഫ് സർട്ടിഫിക്കേഷൻ നടത്തി. കോൺസുലർ ഓഫീസർമാരെ ഭീഷണിപ്പെടുത്തിയതും ഉപദ്രവിച്ചതും പൊറുക്കാനാവുന്നതല്ലെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു
അക്രമത്തെ പിന്തുണയ്ക്കില്ല. ഓരോ കാനഡക്കാരന്റെയും വിശ്വാസം സംരക്ഷിക്കപ്പെടണം
- ജസ്റ്റിൻ ട്രൂഡോ,
കനേഡിയൻ പ്രധാനമന്ത്രി