a

ന്യൂഡൽഹി : ഡൽഹിയിൽ ദീപാവലിക്ക് പിന്നാലെ വായു മലിനീകരണം രൂക്ഷമായതിൽ ആശങ്ക പ്രകടിപ്പിച്ചും, പടക്കനിരോധനം കാര്യക്ഷമമായി നടപ്പാക്കാത്തതിനെ വിമർശിച്ച് സുപ്രീംകോടതി. പടക്കനിരോധന ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വീശദീകരിക്കാൻ ഡൽഹി സർക്കാരിനും ഡൽഹി പൊലീസ് കമ്മിഷണർക്കും നിർദ്ദേശം നൽകി. അടുത്തവർഷം നിരോധനം എങ്ങനെ കാര്യക്ഷമമായി നടപ്പാക്കാമെന്നത് അടക്കം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണം. അടുത്തവർഷമെങ്കിലും ഇത്തരം സാഹചര്യമുണ്ടാകാതിരിക്കാൻ സംവിധാനമുണ്ടാകണമെന്നും ജസ്റ്റിസുമാരായ അഭയ് എസ്.ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

2022ലെയും 2023ലെയും ദീപാവലിക്ക് പിന്നാലെയുണ്ടായ വായു മലിനീകരണത്തേക്കാൾ രൂക്ഷമാണ് ഇത്തവണത്തേത്. ഹരിയാന-പഞ്ചാബ് സംസ്ഥാനങ്ങളിലെ പാടം കത്തിക്കലും കൂടുതലായിരുന്നു. ഒക്‌ടോബറിലെ അവസാന പത്തുദിവസങ്ങളിലെ പാടംകത്തിക്കൽ സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളും സത്യവാങ്മൂലം സമർപ്പിക്കണം. രാജ്യതലസ്ഥാനത്തെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. നവംബർ 14ന് വീണ്ടും പരിഗണിക്കും.