a

ന്യൂഡൽഹി: അദ്ധ്യക്ഷനും ബി.ജെ.പി നേതാവുമായ ജംഗദംബികാ പാൽ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു എന്ന് ആരോപിച്ച് വഖഫ് ബോർഡ് ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി കമ്മിറ്റിയിൽ നിന്ന് രാജിഭീഷണി മുഴക്കി പ്രതിപക്ഷ എം.പിമാർ. അദ്ധ്യക്ഷനെതിരെ പ്രതിപക്ഷ അംഗങ്ങൾ ലോക്സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തു നൽകി. ജെ. പി. സിയെ സർക്കാർ അജണ്ട നടപ്പാക്കാനുള്ള വേദിയാക്കരുതെന്ന് എം. പിമാർ പറഞ്ഞു.

ജഗദംബിക പാൽ സിറ്റിംഗ് തീരുമാനിക്കുന്നതും സാക്ഷികളെ തിരഞ്ഞെടുക്കുന്നതും ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങളിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. അദ്ധ്യക്ഷൻ ചർച്ച ചെയ്യാതെയാണ് തുടർച്ചയായി മൂന്ന് ദിവസത്തെ സിറ്റിംഗ് തീരുമാനിച്ചത്. ഇതുമൂലം തങ്ങൾക്ക് വേണ്ടത്ര തയ്യാറെടുപ്പിന് സമയം ലഭിച്ചില്ല. നടപടികളിൽ സുതാര്യതയില്ല. സ്പീക്കർ ഇടപെടണമെന്നും തങ്ങളെ വിശ്വാസത്തിലെടുക്കാൻ അദ്ധ്യക്ഷന് നിർദ്ദേശം നൽകണമെന്നും എം. പിമാർ അഭ്യർത്ഥിച്ചു. അല്ലെങ്കിൽ തങ്ങൾ രാജിവയ്‌ക്കുമെന്നും കത്തിൽ പറയുന്നു.ജെ.പി.സി യോഗം തുടങ്ങിയതുമുതൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തർക്കങ്ങൾ പതിവാണ്. വാഗ്വാദത്തെ തുടർവ് തൃണമൂൽ കോൺഗ്രസ് എം. പി കല്യാൺ ബാനർജി ഗ്ലാസ് കുപ്പി അടിച്ചുതകർത്ത നാടകീയ സംഭവങ്ങളുമുണ്ടായി.