e

ന്യൂഡൽഹി : വിനായക ചതുർത്ഥിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഔദ്യോഗിക വസതി സന്ദർശിച്ചതിലും പൂജ നടത്തിയതിലും തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഡൽഹിയിൽ ഇംഗ്ലീഷ് ദിനപത്രം സംഘടിപ്പിച്ച ചടങ്ങിലാണ് വിശദീകരണം.

ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ മേഖലയിലുള്ളവർ പക്വത കാണിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജു‌ഡീഷ്യറിയും എക്‌സിക്യുട്ടീവും അവരുടെ ഭൗതിക സൗകര്യം മെച്ചപ്പെടുന്നതിന് അടക്കം കൂടിക്കാഴ്ച്ചകൾ നടത്താറുണ്ട്. അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. പരസ്‌പരം കാണാനേ പാടില്ലെന്ന് പറയാനാകില്ല.

പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും രാഷ്ട്രപതി ഭവനിലും, റിപ്പബ്ലിക് ദിനം തുടങ്ങിയ ചടങ്ങുകളിലും പരസ്‌പരം കാണാറുണ്ട്. മന്ത്രിമാരെ കാണാറുണ്ട്. ആ സമയത്ത് കേസുകൾ സംബന്ധിച്ച് സംസാരിക്കാറില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു.

മോദി ചീഫ് ജസ്റ്രിസിന്റെ വസതി സന്ദർശിച്ചതിനെ പ്രതിപക്ഷ പാർട്ടികളും, ഒരു വിഭാഗം അഭിഭാഷകരും വിമർശിച്ചിരുന്നു. അനാവശ്യ വിവാദമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.

 വിശ്വാസിയാണ്

താൻ വിശ്വാസിയാണെന്നും, എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും ചന്ദ്രചൂഡ് പറഞ്ഞു. അയോദ്ധ്യകേസ് സമയത്ത് ദേവന് മുന്നിൽ പ്രാർത്ഥിച്ചെന്ന പ്രസംഗം സാമൂഹ്യമാദ്ധ്യമങ്ങളിൽ അടക്കം വിവാദമായി. തന്റെ വിശ്വാസവും നീതിനടപ്പാക്കലും തമ്മിൽ ബന്ധമില്ല. ഓരോ കേസും നിയമവും ഭരണഘടനയും അനുസരിച്ചാണ് വിധിക്കുന്നത്.

2018ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നാലു സുപ്രീംകോടതി ജഡ്‌ജിമാർ വാർത്താസമ്മേളനം വിളിച്ചത് സംബന്ധിച്ച ചോദ്യത്തിന്, സ്ഥാപനത്തിന്റെ അച്ചടക്കം പ്രധാനമാണെന്ന് ചന്ദ്രചൂഡ് പ്രതികരിച്ചു. ജുഡിഷ്യൽ സ്വാതന്ത്ര്യം സർക്കാരിനെതിരെ നിരന്തരം വിധി പുറപ്പെടുവിക്കുന്നതല്ല. സർക്കാരിൽ നിന്ന് മാത്രമല്ല, സമ്മർദ്ദഗ്രൂപ്പുകളിൽ നിന്നു കൂടിയുള്ള സ്വാതന്ത്ര്യമാണ് അതെന്നും അദ്ദേഹം പറഞ്ഞു.