
ന്യൂഡൽഹി : ചുവരിലെ സ്ക്രീനിൽ എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വക്കീൽ കോട്ടിട്ട് നിൽക്കുന്നു. സാക്ഷാൽ നിർമ്മിത ബുദ്ധിക്കാരൻ. അടുത്തെത്തിയപ്പോൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഒറ്ര ചോദ്യം : 'വധശിക്ഷയ്‌ക്ക് ഇന്ത്യയിൽ ഭരണഘടനാ സാധുതയുണ്ടോ ?' കണ്ണടച്ചു തുറക്കും മുൻപ് എ.ഐ വക്കീലിന്റെ മറുപടി : 'വധശിക്ഷ ഇന്ത്യയിൽ ഭരണഘടനാപരമാണ്. അപൂർവ്വങ്ങളിൽ അപൂർവമായ കേസിൽ വിധിക്കും.' ഇതുകേട്ടതും ചന്ദ്രചൂഡിന്റെ കണ്ണിൽ സന്തോഷം. ചുറ്റും നിന്ന ജഡ്‌ജിമാർ കൈയടിച്ചു. സുപ്രീംകോടതി വളപ്പിലെ ദേശീയ ജുഡീഷ്യൽ മ്യൂസിയവും ആർക്കൈവും ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു സാങ്കേതികവിദ്യയുടെ വളർച്ച കൗതുകം സൃഷ്‌ടിച്ചത്. മ്യൂസിയം ചന്ദ്രചൂഡ് രാജ്യത്തിന് സമർപ്പിച്ചു.
ബഹിഷ്കരിച്ച് അസോസിയേഷൻ
മ്യൂസിയത്തിന് പകരം ലൈബ്രറിയും കഫെറ്റീരിയയും വേണമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. അംഗീകരിക്കാത്ത പശ്ചാത്തലത്തിൽ ഇന്നലെ ഉദ്ഘാടന ചടങ്ങ് അസോസിയേഷൻ ബഹിഷ്‌കരിച്ചു.