
ന്യൂഡൽഹി: ഉത്തർ പ്രദേശിലെ അലിഗഡ് മുസ്ലീം സർവകലാശാലയ്‌ക്ക് ന്യൂനപക്ഷ പദവിയില്ലെന്ന 1967ലെ വിധി ഭാഗികമായി തിരുത്തിയ സുപ്രീംകോടതി, ന്യൂനപക്ഷ പദവി തീരുമാനിക്കാൻ മൂന്നംഗ ബെഞ്ച് രൂപീരിക്കും. 1967ലെ അസീസ് ബാഷ കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ ഏഴംഗ ഭരണഘടനാ ബെഞ്ച് 4:3 ഭൂരിപക്ഷത്തിലാണ് തിരുത്തിയത്. വിയോജിച്ച മൂന്ന് ജഡ്‌ജിമാർ ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് ഭിന്ന വിധി എഴുതി. ന്യൂനപക്ഷ പദവിക്ക് കോടതി മാർഗരേഖയും ഇറക്കി.
1967ലെ വിധിയോടെ സർവകലാശാലയുടെ ന്യൂനപക്ഷ പദവി നഷ്‌ടപ്പെട്ടിരുന്നു. പദവി തിരിച്ചു നൽകാൻ 1981ൽ പാർലമെന്റ് അലിഗർ മുസ്ലീം സർവകലാശാലാ നിയമം ഭേദഗതി ചെയ്‌തിരുന്നു. (1967ലെ വിധി സുപ്രീംകോടതി തിരുത്തിയതോടെ ഈ ഭേദഗതിപ്രകാരം ന്യൂനപക്ഷപദവി തിരിച്ചു കിട്ടുകയാണ്.)
2005ൽ പി. ജി മെഡിക്കൽ സീറ്റിൽ 50%മുസ്ലീം സംവരണം ഏർപ്പെടുത്തിയത് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി, 67ലെ സുപ്രീംകോടതി വിധിപ്രകാരം ന്യൂനപക്ഷ സ്ഥാപനം അല്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനെതിരായ ഹർജികൾ 2009ൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ മൂന്നംഗ ബെഞ്ച് ഏഴംഗ വിശാല ബെഞ്ചിന് വിടുകയായിരുന്നു. അതിലാണ് പുതിയ വിധി.
ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടേതാണ് ഭൂരിപക്ഷ വിധി.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരാണ് ഭിന്നവിധിയെഴുതിയത്.
അലിഗർ സർവകലാശാല
1875 - മുസിലീങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സർ സയദ് അഹമ്മദ് ഖാൻ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചു.
1920.ബ്രിട്ടീഷ് ഇന്ത്യൻ ലെജിസ്ലേറ്റീവ് കൗൺസിൽ അലിഗർ മുസ്ലീം സർവകലാശാല നിയമം പാസാക്കി. സർവകലാശാല നിലവിൽ വന്നു.
ന്യൂനപക്ഷ പദവിയുടെ മാനദണ്ഡങ്ങൾ
1. സ്ഥാപനം തുടങ്ങാനുള്ള ആശയം ന്യൂനപക്ഷ വിഭാഗം ഉന്നയിക്കണം
2. ന്യൂനപക്ഷ താത്പര്യം സംരക്ഷിക്കാനാവണം സ്ഥാപനം
3. സ്ഥാപിക്കേണ്ടത് സമുദായ അംഗങ്ങളായിരിക്കണം
4. ഭരണസംവിധാനത്തിന് ന്യൂനപക്ഷ സ്വഭാവം വേണം
5. മതസ്വഭാവത്തിന് ചിഹ്‌നങ്ങളും ആരാധനാലയങ്ങളും വേണമെന്നില്ല
 അലിഗഡിൽ ഇവ പരിഗണിക്കണം
ഭരണഘടന വരും മുൻപുള്ള സർവകലാശാലകൾക്കും ന്യൂനപക്ഷ പദവിക്ക് അവകാശമുണ്ട്. ഭരണഘടനയിലെ അനുച്ഛേദം 30(1) പ്രകാരം മത, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനും അവകാശമുണ്ട്. ഇവയുടെ സ്ഥാപിക്കൽ, നടത്തിപ്പ് എന്നിവയിൽ നിന്ന് ന്യൂനപക്ഷങ്ങളെ തടയുന്ന നിയമങ്ങളും, ഉത്തരവുകളും ഭരണഘടനാവിരുദ്ധമാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിന് അവകാശം അവർക്ക് തന്നെയാണെന്നും കോടതി വ്യക്തമാക്കി.
അലിഗഡ് കോളേജിനെ സർവകലാശാലയാക്കി മാറ്റിയപ്പോൾ ന്യൂനപക്ഷ സ്വഭാവം മാറിയോ എന്ന് പരിശോധിക്കണം