s

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയാൻ ഡൽഹി സർക്കാർ നഗരത്തിലെ മലിനീകരണ ഹോട്ട് സ് പോട്ടുകളിലൊന്നായ ആനന്ദ് വിഹാറിൽ ഡ്രോൺ ഉപയോഗിച്ച് വെള്ളം തളിക്കുന്ന രീതി പരീക്ഷിച്ചു. ആനന്ദ് വിഹാർ അടക്കം ഹോട്ട്സ്പോട്ടുകളിലെ മലിനീകരണ തോത് തലസ്ഥാനത്തെ ശരാശരി വായു ഗുണനിലവാര ഇൻഡക്‌സ്(എ.ക്യു.ഐ)യെക്കാൾ കൂടുതലാണെന്ന് പരീക്ഷണം വീക്ഷിക്കാനെത്തിയ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.

മലിനീകരണം രൂക്ഷമായതോടെ ആനന്ദ് വിഹാർ നിവാസികൾക്ക് സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രോൺ ഉപയോഗിച്ച് വെള്ളം സ്‌പ്രേ ചെയ്യുന്ന രീതി പരീക്ഷിക്കുന്നത്. നിലവിൽ ഡൽഹിയിലുടനീളം 200-ലധികം ആന്റി-സ്മോഗ് ഗണ്ണുകൾ വിന്യസിച്ചിട്ടുണ്ടെന്നും വായുവിലെ പൊടി കുറയ്ക്കാൻ റോഡുകളിൽ വെള്ളം തളിക്കുന്നുണ്ടെന്നും ഗോപാൽ റായ് പറഞ്ഞു.വെള്ളം തളിക്കുന്ന ട്രക്കുകൾക്ക് എത്താൻ കഴിയാത്ത ഇടുങ്ങിയതും തിരക്കേറിയതുമായ സ്ഥലങ്ങളിലാണ് ഡ്രോൺ പരീക്ഷണം. ഇത് വിജയകരമാണെന്ന് തെളിഞ്ഞാൽ, കൂടുതൽ ഡ്രോണുകൾ വാങ്ങി വ്യാപകമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയിലെ വായു ഗുണനിലവാരം അനുദിനം മോശമാകുകയാണ്. 15-ലധികം മേഖലകളിൽ വായുഗുണനിലവാരം അപകടകരമായ സ്ഥിതിയിലാണ്.