
ന്യൂഡൽഹി: ഓർത്തഡോക്‌സ്- യാക്കോബായ സഭാതർക്കവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്‌ജിയും മലയാളിയുമായ കെ.വി.വിശ്വനാഥൻ പിന്മാറി. അഭിഭാഷകനായിരുന്ന കാലയളവിൽ സഭാക്കേസുകളിൽ ഹാജരായ സാഹചര്യത്തിലാണിത്. ഇന്നലെ ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഹർജി ലിസ്റ്റ് ചെയ്‌തിരുന്നത്. ഹർജി പരിഗണിച്ചപ്പോഴാണ് പിന്മാറുന്നതായി ജസ്റ്റിസ് വിശ്വനാഥൻ അറിയിച്ചത്. ഹർജി ഇനി പുതിയ ബെഞ്ച് പരിഗണിക്കും.
തർക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികൾ ഏറ്റെടുക്കാൻ അതാത് ജില്ലാ കളക്‌ടർമാർക്ക് കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യനടപടിക്കും തുടക്കം കുറിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗസ്ഥരും, യാക്കോബായ സഭയും സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.