
ന്യൂഡൽഹി : യാത്രയയപ്പ് ചടങ്ങിൽ ട്രോളന്മാരെ ട്രോളി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. തന്നെ വിടാതെ പിന്തുടർന്ന് ട്രോളുന്നവർക്ക് തിങ്കളാഴ്ച മുതൽ ജോലിയുണ്ടാകില്ലല്ലോയെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവുമധികം ട്രോളുകൾക്ക് വിധേയനായ ജഡ്‌ജി താനായിരിക്കും. അവർക്ക് എന്തു സംഭവിക്കുമെന്നതിൽ ആകാംക്ഷയുണ്ട്. സുതാര്യമായാണ് പ്രവർത്തിച്ചത്. എതിർപ്പുകൾ തന്റെ വ്യക്തിത്വത്തെ കൂടുതൽ മികച്ചതാക്കുന്നുവെന്നും, ശത്രുക്കളെ വളരെയധികം ബഹുമാനിക്കുന്നുവെന്നും അർത്ഥം വരുന്ന ഉറുദു ശായരിയും ചൊല്ലി. നാളെ വിരമിക്കുന്ന ചന്ദ്രചൂഡിന്റെ അവസാന സിറ്റിംഗ് ദിവസമായിരുന്നു ഇന്നലെ. സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിലാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ ആക്രമണത്തെ അടക്കം ചന്ദ്രചൂഡ് പരാമർശിച്ചത്. സഹ ജഡ്ജിമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽസിബൽ, അഭിഭാഷകർ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണീരണിഞ്ഞ് ചന്ദ്രചൂഡ്
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ യാത്രയയപ്പുമായി ബന്ധപ്പെട്ട സെറിമോണിയൽ ബെഞ്ച് സിറ്രിംഗ് നടത്തി. ചന്ദ്രചൂഡിന് പുറമെ നിയുക്ത ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്രിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ചന്ദ്രചൂഡ് പറഞ്ഞു. താൻ തീർത്ഥാടകൻ മാത്രം. സ്വന്തം ജോലി ചെയ്യുക, മടങ്ങുക.
ഡി.വൈ. ചന്ദ്രചൂഡിന്റെ കാലഘട്ടത്തെ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത തുടങ്ങിയവർ പ്രകീർത്തിച്ചു. അവസാന സിറ്റിംഗ് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ചന്ദ്രചൂഡ് കണ്ണീരണിഞ്ഞു.