gfd

സമ്പൂർണ സംസ്ഥാന പദവി, അനുച്ഛേദം 370 പുനഃസ്ഥാപിക്കൽ ആവശ്യങ്ങളിൽ ശൈത്യത്തിലും തിളച്ചുമറിയുകയാണ് ജമ്മു കാശ്‌മീർ. ഒപ്പം തുടർച്ചയായ ഭീകരാക്രമണങ്ങളും. ആറു വർഷത്തിനുശേഷം, തിങ്കളാഴ്ച മുതൽ നടന്ന അഞ്ചുദിവസത്തെ നിയമസഭാ സമ്മേളനത്തിൽ മൂന്നുദിവസവും സഭ പ്രക്ഷുബ്ധമായതാണ് ഒടുവിലത്തെ അദ്ധ്യായം. കേന്ദ്രസർക്കാർ എടുത്തുകളഞ്ഞ പ്രത്യേക പദവി (അനുച്ഛേദം 370) പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒമർ അബ്‌ദുള്ള സർക്കാർ ബുധനാഴ്ച നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പി ഉൾപ്പെടെയുള്ള പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ, പ്രമേയത്തിൽ കേന്ദ്രസ‌ർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

രാഷ്ട്രീയ തീരുമാനം ആവശ്യമായ വിഷയമാണിതെന്നും നടപടികൾ ഉടൻ പ്രതീക്ഷിക്കേണ്ടതില്ലെന്നും ദേശീയ സുരക്ഷാ- രഹസ്യാന്വേഷണ വിദഗ്ദ്ധനായ വപ്പാല ബാലചന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു. അനുച്ഛേദം 370 പുനഃസ്ഥാപിക്കുകയെന്നത് സങ്കീ‌‌ർണമായ പ്രക്രിയയാണ്. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതും വൈകാനാണ് സാദ്ധ്യതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രഭരണ പ്രദേശമായതിനാൽ ലെഫ്റ്റനന്റ് ഗവർണർക്കാണ് ജമ്മു കാശ്‌മീരിൽ ഇപ്പോഴും അധികാരം. ഡൽഹിക്ക് സമാനമായ ഭരണ സാഹചര്യമാണെങ്കിലും ആംആദ്മിയെയും അരവിന്ദ് കേജ്‌രിവാളിനെയും പോലെ രൂക്ഷമായി ലെഫ്റ്റനന്റ് ഗവർണറോട് പ്രതികരിക്കുന്ന നേതാവല്ല ഒമർ അബ്‌ദുള്ള. പ്രധാനമന്ത്രിയെ നേരിൽക്കണ്ട് ഒമർ അബ്‌ദുള്ള പ്രമേയം കൈമാറിയത് ശ്രദ്ധേയമാണ്. ജനങ്ങളുടെ ആവശ്യമെന്ന നിലയിലാണിതെന്ന് വ്യക്തമാക്കുകയും ചെയ്‌തു. കേന്ദ്രസർക്കാരുമായി കൊമ്പുകോർക്കാൻ ഒമറും നാഷണൽ കോൺഫറൻസും ആഗ്രഹിക്കുന്നില്ല. സഹകരിച്ചു പോകാനാണ് താത്പര്യം.

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

താഴ്‌വരയിലെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്‌ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. പ്രത്യേകിച്ച് തുടർച്ചയായ ഭീകരാക്രമണങ്ങളുടെ സാഹചര്യത്തിൽ. കേന്ദ്രസാന്നിദ്ധ്യം ഭീകരർ ആഗ്രഹിക്കുന്നുമില്ല. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് നിലവിൽ സേനയും പൊലീസും ചേർന്നുള്ള സുരക്ഷാനടപടികളുടെ അവലോകനത്തിന് നേതൃത്വം നൽകുന്നത്. സംസ്ഥാന പദവി പുനഃസ്ഥാപിച്ചാൽ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയ്ക്ക് ഈ അധികാരം ലഭിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിഷയമായതിനാൽ തങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് മാറ്റി, എടുത്തുചാടിയുള്ള തീരുമാനത്തിലേക്ക് കേന്ദ്രം കടക്കില്ല. പാകിസ്ഥാൻ, ചൈന അതിർത്തികൾ പങ്കിടുന്ന ജമ്മു കാശ്‌മീരിൽ കേന്ദ്രത്തിന്റെ മേൽനോട്ടം പരമപ്രധാനവുമാണ്.

പുതിയ സംവിധാനം വേണ്ടിവരും

ജമ്മു കാശ്‌മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിച്ചാൽ ആഭ്യന്തര സുരക്ഷ, ഭീകരവിരുദ്ധ നടപടികൾ, ക്രമസമാധാനപാലനം എന്നിവയ്‌ക്ക് പുതിയ സംവിധാനം വേണമെന്ന് ഒരുവിഭാഗം സുരക്ഷാവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രാതിനിദ്ധ്യം ഉറപ്പിച്ച് സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ഗവേണൻസ് കമ്മിറ്റി രൂപീകരിക്കണം. ലെഫ്റ്റനന്റ് ഗവർണർ, മുഖ്യമന്ത്രി, ക്യാബിനറ്റ് മന്ത്രിമാർ,​ ചീഫ് സെക്രട്ടറി,​ ഡി.ജി.പി,​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധി എന്നിവരടങ്ങിയതാകണം സമിതി. സുരക്ഷാനടപടികളിൽ രാഷ്ട്രീയം കലരാതിരിക്കാൻ ഈ സമിതി ഉപകരിക്കും. ഇതിനുപുറമെ സേന,​ പൊലീസ്,​ സുരക്ഷാവിദഗ്ദ്ധർ തുടങ്ങിയവരെ ഉൾക്കൊള്ളിച്ച് സുരക്ഷാ ഉപദേശക കൗൺസിലും വേണം. പെട്ടെന്ന് ഉരുത്തിരിയുന്ന വെല്ലുവിളികൾ നേരിടാനും കൗൺസിലിന് കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ നടപടികൾ ജനാധിപത്യത്തിനും ഭൂഷണമാകും.