d

 നിരീക്ഷണങ്ങൾ യു.പിയിലെ മാദ്ധ്യമപ്രവർത്തകന്റെ പരാതിയിൽ

ന്യൂഡൽഹി : പരിഷ്‌കൃത സമൂഹത്തിൽ ബുൾഡോസർ നീതിക്ക് സ്ഥാനമില്ലെന്ന് സുപ്രീംകോടതി. പൗരന്മാരുടെ വസ്‌തുവകകൾ ബുൾഡോസർ ഉപയോഗിച്ചു പൊളിക്കാൻ സർക്കാർ സംവിധാനത്തെയും ഉദ്യോഗസ്ഥരെയും അനുവദിക്കരുത്. ചിലരെ തിരഞ്ഞുപിടിച്ച് അധികാരഹുങ്കോടെയുള്ള പ്രതികാരം അംഗീകരിക്കാനാകില്ല. സ്വത്തുക്കൾ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പൗരന്മാരുടെ ശബ്‌ദം അമർത്താനാകില്ല. നിയമവിരുദ്ധ നടപടികൾ അനുവദിച്ചാൽ, സ്വത്തിലുള്ള പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടും. അനധികൃത നിർമ്മാണങ്ങൾ കൈകാര്യം ചെയ്യാൻ മുനിസിപ്പൽ നിയമങ്ങളുണ്ട്. പൊളിക്കാൻ നടപടിക്രമങ്ങൾ പാലിക്കണമെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു.

റോഡ് വീതീകൂട്ടാൻ അർദ്ധരാത്രി വീട് പൊളിച്ചെന്ന യു.പിയിലെ മാദ്ധ്യമപ്രവർത്തകനായ മനോജ് തിബ്‌രേവാൾ ആകാശിന്റെ പരാതിയിലാണ് കോടതിയുടെ നിലപാട്. മനോജിന് ഇടക്കാല നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപ യു.പി സർക്കാർ നൽകണമെന്ന് ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നവംബർ ആറിന് ഉത്തരവിട്ടിരുന്നു. വിധി കഴിഞ്ഞദിവസമാണ് സുപ്രീകോടതി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്‌തത്.

അർദ്ധരാത്രിയിൽ പൊടുന്നനെ വീടുകൾക്ക് മേൽ ബുൾഡോസർ പ്രയോഗിക്കാനാകില്ലെന്ന് യു. പി സർക്കാരിന് മുന്നറിയിപ്പ് നൽകി. 2019ലായിരുന്നു സംഭവം. റോഡ് നിർമ്മാണത്തിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിനാണ് തന്റെ വീട് പൊളിച്ചതെന്ന് മാദ്ധ്യമപ്രവർത്തകൻ സുപ്രീംകോടതിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

 സംസ്ഥാനങ്ങൾക്ക് മാർഗരേഖ

നിയമവിരുദ്ധ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണം. ക്രിമിനൽ കേസും എടുക്കാം. റോഡ് വീതികൂട്ടലിന് സംസ്ഥാനങ്ങൾക്ക് മാർഗരേഖയും പുറപ്പെടുവിച്ചു.

1.രേഖകൾ,​ മാപ്പുകൾ എന്നിവ നോക്കി റോഡിന്റെ വീതി വിലയിരുത്തണം

2. കൈയേറ്റമുണ്ടോയെന്ന് രേഖകൾ വച്ചു സർവേ നടത്തണം

3. കൈയേറ്റം നീക്കാൻ നോട്ടീസ് നൽകണം

4. എതിർപ്പുന്നയിച്ചാൽ അവരെ കേട്ട് തീരുമാനിക്കണം

5. എതിർപ്പ് തള്ളിയാൽ,​ കൈയേറ്റമൊഴിയാൻ വീണ്ടും നോട്ടീസ് നൽകണം

6. ഒഴിഞ്ഞില്ലെങ്കിൽ നിയമപരമായി പൊളിക്കാം