
ന്യൂഡൽഹി : രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, സുപ്രീംകോടതി ജഡ്‌ജിമാർ എന്നിവർ പങ്കെടുത്തു.
ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിനു പിന്നാലെ സുപ്രീംകോടതി വെബ്സൈറ്റിൽ അക്കാര്യം അപ്ഡേറ്റ് ചെയ്‌തു. ഡി.വൈ. ചന്ദ്രചൂഡിന്റെ ചിത്രം മുൻ ചീഫ് ജസ്റ്റിസുമാരുടെ പേജിലേക്ക് മാറി. ചന്ദ്രചൂഡ് വിരമിച്ചതോടെ അഞ്ചംഗ സുപ്രീംകോടതി കൊളീജിയത്തിലുണ്ടായ ഒഴിവിൽ മുതിർന്ന ജഡ്‌ജി അഭയ് എസ്. ഓക എത്തും. സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരാണ് കൊളീജിയത്തിലെ മറ്റു നാലംഗങ്ങൾ.
നിലവിലെ വസതിയിൽ തുടരും
ചീഫ് ജസ്റ്റിസ് പദവിയിൽ ആറുമാസത്തിലധികം സഞ്ജീവ് ഖന്നയുണ്ടാകും. 2025 മേയ് 13 വരെയാണ് സർവീസ് കാലാവധി. ചെറിയ കാലയളവായതിനാൽ നിലവിലെ ഔദ്യോഗിക വസതിയിൽ തുടരും. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലേക്ക് മാറില്ല. ശബരിമല യുവതീപ്രവേശനം, പൗരത്വ നിയമഭേദഗതി, വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യം തുടങ്ങിയ വിഷയങ്ങൾ സഞ്ജീവ് ഖന്നയുടെ ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക.