ന്യൂഡൽഹി : 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പിഞ്ച്റ തോഡ് പ്രവർത്തക ഗുൽഫിഷ ഫാത്തിമ ഉന്നയിച്ച ജാമ്യാവശ്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഡൽഹിയിലെ കോളേജ് വിദ്യാർത്ഥിനികൾക്കായി ഹോസ്റ്റൽ സൗകര്യം, സുരക്ഷ തുടങ്ങിയവയ്‌ക്കായി പോരാടുന്ന വനിതാകൂട്ടായ്‌മയാണ് പിഞ്ച്റ തോഡ്. യു.എ.പി.എ കേസിൽ 2020 ഏപ്രിൽ 11നാണ് ഗുൽഫിഷ ഫാത്തിമ അറസ്റ്റിലായത്. ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി വാദം കേൾക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുൽഫിഷ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ ഇടപെടാൻ തയ്യാറായില്ല. ഡൽഹി ഹൈക്കോടതി തന്നെ ജാമ്യക്കാര്യം തീരുമാനിക്കട്ടെയെന്ന് നിലപാടെടുത്തു. നവംബർ 25ന് ഹൈക്കോടതി വാദം കേൾക്കാനിരിക്കുകയാണ്.