ന്യൂഡൽഹി: കുണ്ടറ ആലീസ് വധക്കേസിൽ പ്രതിപട്ടികയിലുണ്ടായിരുന്ന ഗിരീഷ് കുമാറിന് സർക്കാർ 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ഗിരീഷിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി അടക്കം ചോദ്യം ചെയ്‌ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഗിരീഷ് കുമാറിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ഡിസംബർ 17ന് വീണ്ടും പരിഗണിക്കും.
2013 ജൂണിലാണ് കൊല്ലം കുണ്ടറയിലെ ആലീസ് കൊല്ലപ്പെട്ടത്. ഒറ്രയ്‌ക്കു താമസിച്ചിരുന്ന ആലീസിന്റെ വീട്ടിൽ ഗിരീഷ് അതിക്രമിച്ചു കയറിയെന്നും ആഭരണങ്ങൾ കൈക്കലാക്കാൻ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയെന്നുമാണ് കേസ്. വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസിൽ പ്രതിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.