d

ന്യൂഡൽഹി : നവംബർ 20ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ,​ എൻ.സി.പി മുതിർന്ന നേതാവ് ശരദ് പവാറിന്റെ ചിത്രമോ ദൃശ്യങ്ങളോ പ്രചാരണസാമഗ്രികളിൽ ഉപയോഗിക്കരുതെന്ന് എൻ.സി.പി അജിത് പവാർ വിഭാഗത്തിന് കർശന നിർദ്ദേശം നൽകി സുപ്രീംകോടതി. സ്വന്തം അണികൾക്ക് നിർദ്ദേശം നൽകണം. ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നതിൽ നിന്ന് അജിത് പവാർ വിഭാഗത്തെ തടയണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണിത്. അജിത് വിഭാഗം സ്വന്തം സ്വത്വത്തിൽ ഉറച്ചുനിന്ന് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും ജസ്റ്റിസ് സൂര്യകാന്തും,​ ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ച് പറഞ്ഞു.

എൻ.സി.പി രണ്ടായി പിളർന്നെങ്കിലും ശരദ്പവാറിന്റെ ചിത്രം അജിത് പവാർ വിഭാഗം ഉപയോഗിക്കുന്നതിനെ നേരത്തെയും സുപ്രീംകോടതി വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എതിർവിഭാഗം തന്റെ ചിത്രമുള്ള പോസ്റ്ററുകൾ ചുവരുകളിൽ പതിക്കുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ വീഡിയോകളും പോസ്റ്റ് ചെയ്യുന്നുവെന്ന് ശരദ് പവാർ കോടതിയെ ഇന്നലെ അറിയിച്ചു. ആരോപണം അജിത് വിഭാഗം കോടതിയിൽ നിഷേധിച്ചു. വ്യാജ പോസ്റ്ററുകളാണെന്നും ചൂണ്ടിക്കാട്ടി. ഇതോടെ,​ സ്വന്തം കാലിൽ നിൽക്കണമെന്ന് കോടതി അജിത് വിഭാഗത്തോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. വോട്ട് ആർക്കു ചെയ്യണമെന്നും,​ എങ്ങനെ ചെയ്യണമെന്നും ജനങ്ങൾ തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.