d

ന്യൂഡൽഹി: ജാർഖണ്ഡിൽ 43 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 66.48 ശതമാനം പോളിംഗ്. നക്‌സൽ ബാധിത മേഖലയിൽ അടക്കം നടന്ന പോളിംഗ് സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ലോഹർദാഗ ജില്ലയിലാണ് പോളിംഗ് കൂടുതൽ (73.21%). കുറവ് ഹസാരിബാഗിൽ (59.13%). മാവോയിസ്റ്റ് മേഖലകളിൽ പോളിംഗ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വോട്ടർമാർ തള്ളിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ഒരുകാലത്ത് മാവോയിസ്റ്റ് ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ഗർവാ ജില്ലയിലെ ബുധ പഹാഡിൽ ആദ്യമായി സ്ഥാപിച്ച പോളിംഗ് ബൂത്തുകളിൽ രാവിലെ മുതൽ നീണ്ട ക്യൂ കാണപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും ഭാര്യ സാക്ഷിയും റാഞ്ചിയിലെ ജവഹർ വിദ്യാമന്ദിറിൽ വോട്ടു രേഖപ്പെടുത്തി.

തൃണമൂൽ നേതാവ് കൊല്ലപ്പെട്ടു

ആറ് അസംബ്ളി സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന പശ്‌ചിമബംഗാളിൽ വ്യാപകമായി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ജഗത്ദാലിൽ തൃണമൂൽ നേതാവ് കൊല്ലപ്പെട്ടു.മുൻ തൃണമൂൽ വാർഡ് പ്രസിഡന്റായ അശോക് സാഹുവിനെ അക്രമികൾ വെടിവച്ചും ബോംബെറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 2023 ഫെബ്രുവരിയിലും ഇദ്ദേഹം അക്രമിക്കപ്പെട്ടിരുന്നു. ഇന്നലെ പല സ്ഥലത്തും ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. കൂച്ച്ബെഹാറിലെ ഒരു മണ്ഡലത്തിൽ വോട്ടിംഗ് യന്ത്രത്തിൽ പാർട്ടി ചിഹ്‌നം ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബി.ജെ.പി സ്ഥാനാർത്ഥി ദീപക് റോയ് പരാതിപ്പെട്ടു.

മറ്റ് ഉപതിരഞ്ഞെടുപ്പുകൾ

രാജസ്ഥാൻ (7 മണ്ഡലങ്ങൾ)​....... 65%

കർണാടക (3 മണ്ഡലങ്ങൾ)​... 77%

മദ്ധ്യപ്രദേശ് (2 മണ്ഡലങ്ങൾ)......​ 66%

അസാമിൽ (5 മണ്ഡലങ്ങൾ)​............ 64%

ഓരോ മണ്ഡലങ്ങളുള്ള

ഗുജറാത്ത്........ 67.13%

മേഘാലയ.......80.91%

ഛത്തീസ്ഗഢ്........ 46.43%