d

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഇന്നു മുതൽ മൂന്നാം ഗ്രേഡ് തലത്തിലുള്ള നിയന്ത്രണങ്ങൾ (ഗ്രേപ് 3-ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) നിലവിൽ വരും. പഴയ എമിഷൻ മാനദണ്ഡങ്ങളായ ബി.എസ്-3ന് താഴെയുള്ള പെട്രോൾ വാഹനങ്ങളും ബി.എസ്-4 വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും ഡൽഹിയിലും ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലും അനുവദിക്കില്ല.

ഖനന പ്രവർത്തനങ്ങൾ നിറുത്തണം
 അനിവാര്യമല്ലാത്ത ഖനന പ്രവർത്തനങ്ങൾ താത്‌കാലികമായി നിറുത്തണം. നിർമ്മാണം, പൊളിക്കൽ എന്നിവയ്‌ക്ക് സമ്പൂർണ നിരോധനം

 വൈദ്യുതി, സി.എൻ.ജി ഒഴികെയുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുന്നതും ബി.എസ്-4 നിയന്ത്രണങ്ങൾ ഇല്ലാത്തതുമായ അന്തർസംസ്ഥാന ബസുകൾക്ക് നിരോധനം.
 സ്‌കൂളുകളിൽ പ്രൈമറി ക്ളാസുകൾ ഓൺലൈനിൽ
 റോഡുകളിൽ വെള്ളം തളിക്കൽ കൂട്ടും

സർക്കാരിന് വിമർശനം

വായുമലിനീകരണം തടയാൻ സുപ്രീംകോടതി നിർദ്ദേശ പ്രകാരം നടപടികൾ കൈക്കൊള്ളുന്നതിൽ ഡൽഹി സർക്കാർ വീഴ്‌ച വരുത്തിയെന്ന് സുപ്രീംകോടതി അമിക്കസ് ക്യൂറി അപരാജിത സിംഗ്. ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് 18ന് കേസ് വിശദമായി കേൾക്കും.

മലിനീകരണം രൂക്ഷമാകുന്നതിൽ ആശങ്കയുണ്ടെന്നും ഇതു തടയാനുള്ള മുൻകൂർ നടപടികൾക്ക് കോടതി അനുമതി നൽകിയിരുന്നെങ്കിലും അധികൃതർ വീഴ്‌ച വരുത്തിയെന്നും സിംഗ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മാലിന്യമുള്ള നഗരമായി മാറരുത്. വായു ഗുണനിലവാര കമ്മിഷൻ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

വൈക്കോൽ കത്തിക്കുന്നത് തടയുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ ഹരിയാന, പഞ്ചാബ് സർക്കാരുകൾ വിമുഖത കാണിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനുപകരം, ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്ന തിരക്കിലാണ് സംസ്ഥാനങ്ങൾ. നിഷ്‌ക്രിയത്വത്തിന് സംസ്ഥാനങ്ങൾ കോടതിയോട് വിശദീകരണം നൽകേണ്ടതുണ്ട്. മൂന്ന് മാസത്തിനകം പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.