
ന്യൂഡൽഹി : ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായിരിക്കെ, കടുത്ത നിയന്ത്രണങ്ങൾ ഇന്നലെ നിലവിൽ വന്നു. റിയൽ ടൈം വായുനിലവാരത്തിന്റെ വിവരം പുറത്തുവിടുന്ന സ്വിസ് കമ്പനി ഐ.ക്യു എയറിന്റെ കണക്കുപ്രകാരം ഇന്നലെ ഡൽഹിയിലെ വിവിധ മേഖലകളിൽ വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്) അപകടകരമായ വിഭാഗമായ 1000 കടന്നു. ആനന്ദ് വിഹാറിൽ 1105ഉം ദ്വാരക സെക്ടർ എട്ടിൽ 1057ഉം. ലോകത്ത് ഏറ്റവുമധികം വായുമലിനീകരണമുള്ള രണ്ടാമത്തെ നഗരം ഡൽഹിയാണ്. ഒന്നാമത് പാകിസ്ഥാനിലെ ലാഹോർ. ഇന്നലെ വായു നിലവാര സൂചിക 1587 ആണ് ലാഹോറിൽ രേഖപ്പെടുത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം ഇന്നലെ പുലർച്ചെ ഡൽഹിയിൽ വായു നിലവാര സൂചിക 409 രേഖപ്പെടുത്തി. പുകമഞ്ഞു കാരണം കാഴ്ചാപരിധി കുറഞ്ഞതിനാൽ ഗതാഗതത്തെ അടക്കം ബാധിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു.
അഞ്ചാം ക്ലാസ് വരെ
പഠനം ഓൺലൈനിൽ
ശൈത്യകാലം കൂടിയായതോടെ ഓഫീസ് സമയങ്ങളിലടക്കം മാറ്റം കൊണ്ടുവന്നു. കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാവിലെ 9 മുതൽ 5.30 വരെയാക്കി. ഡൽഹി സർക്കാരിന്റെ ഓഫീസുകൾ രാവിലെ 10 മുതൽ 6.30 വരെയും. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനം ഇന്നലെ മുതൽ ഓൺലൈനിലൂടെയാക്കി. മലിനീകരണം കുറയ്ക്കാൻ കേന്ദ്രത്തിന്റെയും സമീപ സംസ്ഥാനങ്ങളുടെയുമുൾപ്പെടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രതികരിച്ചു.
1. നിർമ്മാണ,പൊളിക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം
2. ഇലക്ട്രിക്,സി.എൻ.ജി,ബി.എസ്-ആറ് ഡീസൽ ബസുകൾ ഒഴികെയുള്ള അന്തർസംസ്ഥാന ബസുകൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് വിലക്കി
3. ബി.എസ് മൂന്ന് പെട്രോൾ, ബി.എസ് നാല് ഡീസൽ കാറുകൾ നിരോധിച്ചു
4. ഡൽഹി മെട്രോയുടെ അധിക സർവീസുകൾ