
ന്യൂഡൽഹി : ക്രിമിനൽ കേസ് പ്രതികളായ വിദേശികൾ ജാമ്യമെടുത്ത് മുങ്ങുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി, ഇക്കാര്യം കൈകാര്യം ചെയ്യാൻ കേന്ദ്രസർക്കാർ മാർഗരേഖ തയ്യാറാക്കണമെന്ന് അഭിപ്രായപ്പെട്ടു. സൈബർ തട്ടിപ്പുകേസിലെ പ്രതിയായ നൈജീരിയൻ പൗരന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നൈജീരിയൻ പൗരൻ മുങ്ങിയെന്നും കണ്ടെത്താനാകുന്നില്ലെന്നും സർക്കാർ അറിയിച്ചു. ഒറ്റപ്പെട്ട സംഭവമല്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ സുധാൻഷു ധൂലിയയും അഹ്സാനുദ്ദിൻ അമാനുള്ളയും അടങ്ങിയ ബെഞ്ച്, ഇത്തരം സംഭവങ്ങളുണ്ടായാൽ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് രണ്ടാഴ്ചത്തെ സമയം നൽകി. 26ന് വീണ്ടും പരിഗണിക്കും.