
ന്യൂഡൽഹി: ഗുജറാത്തിലും ഡൽഹിയിലും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) നേതൃത്വത്തിൽ വൻ ലഹരിവേട്ട. ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്ന് 1700 കോടി രൂപയുടെ മെത്താംഫെറ്റാമൈനും ഡൽഹിയിൽ 900 കോടിയുടെ കൊക്കെയ്നും പിടികൂടി. പോർബന്തർ തീരത്ത് ലഹരിവസ്തുക്കളുമായി ബോട്ട് പിടിച്ചെടുത്തു. ഏകദേശം 700 കിലോ മെത്താംഫെറ്റാമൈനുമായി എട്ട് ഇറാൻ പൗരൻമാർ അറസ്റ്റിലായി.
എൻ.സി.ബിയും ഗുജാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പിടികൂടിയത്.
ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ കണ്ട രജിസ്റ്റർ ചെയ്യാത്ത ബോട്ടിൽ മയക്കുമരുന്നുണ്ടെന്ന് എൻ.സി.ബിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. സാഗർ-മന്ഥൻ-4 എന്ന രഹസ്യ ഓപ്പറേഷനിലൂടെ ബോട്ട് പിടിച്ചെടുത്തു.
ഡൽഹിയിൽ 82.53 കിലോ ഹൈ ഗ്രേഡ് കൊക്കെയ്നാണ് പിടികൂടിയത്. രാജ്യാന്തര ലഹരിക്കടത്തു സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജനക്പുരി, നൻഗ്ലോയ് മേഖലകളിലെ കൊറിയർ സ്ഥാപനങ്ങളിൽ നിന്നാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഓസ്ട്രേലിയയിലേക്ക് കടത്താനായിരുന്നു നീക്കമെന്ന് എൻ.സി.ബി അറിയിച്ചു.
ഹവാല ഇടനിലക്കാർ ഉൾപ്പെടെയുള്ള വൻസംഘം കൊക്കെയ്ൻ കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഏജൻസിയുടെ പ്രാഥമിക നിഗമനം. രാജ്യാന്തര ബന്ധം കണ്ടെത്താൻ വിദേശത്തെ അന്വേഷണ ഏജൻസികളുടെ സഹായം തേടും. രണ്ട് സംഭവങ്ങളിലും
എൻ.സി.ബിയെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലഹരി വിമുക്ത ഭാരതത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.