
ന്യൂഡൽഹി: സ്വാതന്ത്ര്യ സമര പോരാളിയും ജാർഖണ്ഡിലെ ആദിവാസി നേതാവുമായ ബിർസ മുണ്ടയുടെ 150ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്‌മരിച്ച് രാജ്യം. ആദിവാസി ക്ഷേമത്തിന് അടക്കം ബീഹാറിനായി 6640 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തുടക്കം കുറിച്ചു. ബിർസ മുണ്ടയുടെ സ്‌മരണയ്‌ക്കായി നാണയവും തപാൽ സ്റ്റാമ്പും മോദി പുറത്തിറക്കി. ഡൽഹിയിൽ മുണ്ടയുടെ പ്രതിമ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനാവരണം ചെയ്‌തു. ഡൽഹിയിലെ സരായ് കാലെ ഖാൻ ചൗക്കിന്റെ പേര് ഭഗവാൻ ബിർസ മുണ്ട ചൗക്കെന്ന് പുനർനാമകരണം ചെയ്‌തു. കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറാണ് പുതിയ പേര് പ്രഖ്യാപിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള എന്നിവർ പാർലമെന്റ് വളപ്പിലെ ബിർസ മുണ്ട പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.
അനീതി തിരുത്താൻ: മോദി
മുണ്ടയുടെ ജന്മവാർഷികം ജൻജാതിയ ഗൗരവ് ദിവസമായാണ് ആചരിച്ചത്. ഈ ആഘോഷം, ചരിത്രപരമായി ആദിവാസി വിഭാഗം നേരിട്ട അനീതി തിരുത്താൻ വേണ്ടിയാണെന്ന് ബീഹാറിലെ ജമുയിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മോദി പറഞ്ഞു. രാജ്യത്തിന്റെ സംസ്‌കാരവും സ്വാതന്ത്യവും സംരക്ഷിക്കാൻ ആദിവാസി വിഭാഗം പോരാടിയെന്നും അനുസ്‌മരിച്ചു. പി.എം-ജൻമൻ പദ്ധതിയുടെ കീഴിൽ ബീഹാറിലെ ആദിവാസി വിഭാഗത്തിനായി നിർമ്മിച്ച 11,000 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങുകൾക്ക് മോദി സാക്ഷ്യം വഹിച്ചു. ഗോത്രമേഖലകളിലെ ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 23 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്‌തു. ജമുയിയിലെ ഗോത്ര വ്യാപാര കേന്ദ്രവും മോദി സന്ദർശിച്ചു.