drrrree

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സേനാ പിന്മാറ്റത്തിന് പിന്നാലെ ഇന്ത്യ - ചൈന പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്‌ചയ്‌ക്ക് അരങ്ങൊരുങ്ങുന്നു. ലാവോസിൽ 20 മുതൽ 22 വരെ നടക്കുന്ന 11-ാമത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിനിടെ (എ.ഡി.എം.എം-പ്ലസ്) പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ഡോംഗ് ജൂനുമായി കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ഡിസംബറിലാണ് ഡോംഗ് ചൈനീസ് പ്രതിരോധ മന്ത്രിയായത്. രാജ്നാഥ് സിംഗുമായി ചർച്ചയ്‌ക്ക് ചൈനീസ് പക്ഷം താത്‌പര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിലിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് ഇന്ത്യയിൽ എത്തിയ അന്നത്തെ ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫു രാജ്നാഥ് സിംഗുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അന്ന് ഇരുവരും ഹസ്തദാനം ചെയ്യാതിരുന്നത് വാർത്തയായി. ഇപ്പോൾ റഷ്യയുടെ മദ്ധ്യസ്ഥതയിൽ ഇന്ത്യ - ചൈന തർക്കങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ ഊർജ്ജിതമാണ്. റഷ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.