d

ന്യൂഡൽഹി : ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്‌മിബായ് സർക്കാർ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചത് രാജ്യത്തിന് നോവായി. നവജാത ശിശുക്കളുടെ ഐ.സി.യുവിൽ വെള്ളിയാഴ്ച രാത്രി 10.45ഓടെ തീപടരുമ്പോൾ 64 ശിശുക്കൾ ഉണ്ടായിരുന്നു. മൂന്നും നാലും ദിവസം മാത്രമായ 54 ശിശുക്കളെ പുറത്തെത്തിച്ചു. ഇവരിൽ 16 ശിശുക്കളെ പീഡിയാട്രിക് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പൊള്ളലേറ്റിട്ടില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നരേന്ദ്ര സിംഗ് സെൻഗർ പറഞ്ഞു. മറ്റ് കുഞ്ഞുങ്ങൾ വാർഡുകളിൽ പരിചരണത്തിലാണ്.

മരിച്ച ഏഴ് കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും.

വാർഡിലെ ഓക്സിജൻ കോൺസെൻട്രേറ്ററിലെ ഷോർട്ട് സർക്കീറ്റ് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.

കുരുന്നുകളുടെ മാതാപിതാക്കളും ബന്ധുക്കളും അലമുറയിട്ടത് കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു. കുഞ്ഞുങ്ങളെ കാണാൻ രക്ഷിതാക്കളെ അനുവദിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. റോഡ് ഉപരോധിക്കാൻ ശ്രമിച്ച അവരെ പൊലീസ് തടഞ്ഞു.

രക്ഷാപ്രവർത്തനം നടത്തിയ ചില ജീവനക്കാർക്ക് പൊള്ളലേറ്റു. വാർഡിലെ മെഡിക്കൽ ഉപകരണങ്ങൾ കത്തി നശിച്ചു.

 നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു

ഹൃദയഭേദകമെന്ന് പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, മരിച്ച ശിശുക്കളുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷവും, പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.

 ത്രിതല അന്വേഷണം

ജില്ലാ ഭരണക്കൂടം,പൊലീസ്, അഗ്നിശമനസേന എന്നിവയുടെ ത്രിതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആശുപത്രി സന്ദർശിച്ചു. പഥക്കിന്റെ സന്ദർശനത്തോടനുബന്ധിച്ച് ആശുപത്രിവളപ്പ് ധൃതിയിൽ വൃത്തിയാക്കിയതും റോഡിലും പരിസരത്തും കുമ്മായം വിതറിയതും വിവാദമായി. ജനങ്ങളെ രോഷാകുലരുമാക്കി. വൻപൊലീസ് സന്നാഹത്തെ വിന്യസിച്ചു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

 ജുഡീഷ്യൽ അന്വേഷണം വേണം

കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. ദുരന്തമുഖത്ത് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകിന് വി.ഐ.പി സ്വീകരണമൊരുക്കിയെന്നും ആരോപിച്ചു.