modi

ന്യൂഡൽഹി: അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യാത്ര തിരിച്ചു. ആദ്യം നൈജീരിയ, പിന്നാലെ ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. ബ്രസീലിൽ ജി 20 ലോകനേതാക്കളുടെ ഉച്ചകോടിയിലും ഗയാനയിൽ കാരികോം ഉച്ചകോടിയിലും പങ്കെടുക്കും.

17 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നതെന്ന പ്രത്യേകതയുണ്ട്. നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. നയതന്ത്ര സഹകരണം ശക്തമാക്കുന്ന നടപടികൾ ചർച്ചയാകും. 18,​ 19 തിയതികളിലാണ് ബ്രസീലിൽ ഉച്ചകോടി. 19ന് ഗയാനയിലെത്തി 20നും അവിടെയുണ്ടാകും. 50 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്. ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന മോദിയെ രാജ്യത്തെ പരമോന്നത ബഹുമതി നൽകി ആദരിക്കും.