
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, ആംആദ്മിയിലെയും ബി.ജെ.പിയിലെയും പ്രമുഖർ ഇന്നലെ രാജിവച്ചത് ഡൽഹി രാഷ്ട്രീയം കലുഷമാക്കി. മുതിർന്ന ആംആദ്മി നേതാവും ഗതാഗത മന്ത്രിയുമായിരുന്ന കൈലാഷ് ഗെഹ്ലോട്ട് നാടകീയമായി പാർട്ടി വിട്ടത് അണികളെ ഞെട്ടിച്ചു. മന്ത്രിസ്ഥാനവും രാജിവച്ചു. മണിക്കൂറുകൾക്കകം ബി.ജെ.പിയുടെ പൂർവ്വാഞ്ചൽ മുഖം അനിൽ ഝാ ആംആദ്മിയിലെത്തി. ജാട്ട് നേതാവ് കൂടിയായ ഗെഹ്ലോട്ടിന്റെ വകുപ്പുകൾ മുഖ്യമന്ത്രി അതിഷി ഏറ്റെടുത്തു. ഡൽഹി നിയമസഭയുടെ കാലാവധി 2025 ഫെബ്രുവരി 15നാണ് അവസാനിക്കുന്നത്.
ജനങ്ങളോടുള്ള പ്രതിബദ്ധതയേക്കാൾ രാഷ്ട്രീയ അജൻഡകൾക്കാണ് പാർട്ടിയിൽ സ്ഥാനമെന്ന് ആംആദ്മി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന് അയച്ച രാജിക്കത്തിൽ ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. കേന്ദ്രവുമായി പോരടിച്ചു കൊണ്ടിരുന്നാൽ ഡൽഹിയുടെ വികസനം സാദ്ധ്യമാകില്ല. യമുനാ നദി വൃത്തിയാക്കുമെന്ന വാഗ്ദാനം പാലിച്ചില്ല. മുഖ്യമന്ത്രിയുടെ വസതി മോടിപിടിപ്പിക്കൽ വിവാദവും കത്തിൽ പരാമർശിച്ചു.
 ബി.ജെ.പിയിലേക്ക് ?
കൈലാഷ് ഗെഹ്ലോട്ട് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. മദ്യനയക്കേസിൽ ഇ.ഡി അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. ബി.ജെ.പി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ സമ്മർദ്ദത്തിലാക്കുന്നതായി ആംആദ്മി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് പ്രതികരിച്ചു. കേജ്രിവാളിന്റെ താത്പര്യങ്ങൾ മാത്രമാണ് ആംആദ്മിയിൽ നടക്കുന്നതെന്ന് ബി.ജെ.പി തിരിച്ചടിച്ചു. ഗെഹലോട്ട് രാജിവച്ചതിനെ സ്വാഗതം ചെയ്തു.
 അനിൽ ഝായുടെ വരവ് നേട്ടമാക്കാൻ ആംആദ്മി
കിരാരി മണ്ഡലത്തിൽ രണ്ടു തവണ ജയിച്ച അനിൽ ഝാ, പൂർവ്വാഞ്ചൽ വിഭാഗത്തിന്റെ നേതാവാണ്. കഴിഞ്ഞതവണ ചെറിയ മാർജിനിലാണ് തോറ്റത്. ഇന്നലെ കേജ്രിവാളിന്റെ സാന്നിദ്ധ്യത്തിലാണ് ആംആദ്മിയിൽ ചേർന്നത്. ഉത്തർപ്രദേശ് പൂർവ്വാഞ്ചൽ മേഖലയിൽ നിന്നുള്ളവരുടെ ശക്തമായ സാന്നിദ്ധ്യമുള്ള ഡൽഹിയിൽ അനിൽ ഝായുടെ വരവ് നേട്ടമാകുമെന്നാണ് ആംആദ്മിയുടെ കണക്കുകൂട്ടൽ.