
ന്യൂഡൽഹി : ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്‌മിബായ് മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്ന നിഗമനത്തിൽ അന്വേഷണസംഘം. ആകസ്‌മികമായി സംഭവിച്ചതാണ്. അതേസമയം, തീ അണയ്‌ക്കുന്നതിന് അടക്കം ആശുപത്രിയിലെ സംവിധാനങ്ങളിൽ പിഴവ് കണ്ടെത്തി. ഝാൻസി കമ്മിഷണറും, ഡി.ഐ.ജിയും ചേർന്ന് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ ജനറൽ അദ്ധ്യക്ഷനായി രൂപീകരിച്ച നാലംഗ സമിതിയും അന്വേഷിക്കുന്നുണ്ട്. ഷോർട്ട് സർക്കീറ്റിന്റെ കാരണവും പരിശോധിക്കുന്നുണ്ട്.
ഒരു കുഞ്ഞ് കൂടി മരിച്ചു
ഒരു കുഞ്ഞ് കൂടി മരിച്ചതോടെ മരണം 11 ആയി. മൂന്ന് കുഞ്ഞുങ്ങളുടെനില ഗുരുതരമാണ്. മരിച്ച കുഞ്ഞിന് പൊള്ളലേറ്റിരുന്നില്ലെന്ന് ഝാൻസി ജില്ലാ മജിസ്ട്രേട്ട് വ്യക്തമാക്കി. അസുഖം കാരണമാണ് ആൺകുഞ്ഞ് മരിച്ചത്. ചികിത്സയിലുള്ള 38 കുഞ്ഞുങ്ങൾക്കും പൊള്ളലേറ്റിട്ടില്ലെന്നും പറഞ്ഞു.