
ന്യൂഡൽഹി : മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജി ജസ്റ്രിസ് ഡി. കൃഷ്‌ണകുമാറിനെ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായ ശേഷമുള്ള ആദ്യ നിയമന ശുപാർശയാണിത്.
21ന് നിലവിലെ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ വിരമിക്കും. മണിപ്പൂർ സംഘർഷഭരിതമായിരിക്കെ, വേഗത്തിലുള്ള നിയമന നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരുമടങ്ങിയ കൊളീജിയം നിയമനശുപാർശ കേന്ദ്രസർക്കാരിന് കൈമാറി.
പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ജഡ്‌ജിയാണ് തമിഴ്നാട് തിരുപ്പൂർ ധാരാപുരം സ്വദേശിയായ കൃഷ്‌ണകുമാർ. 2016 ഏപ്രിൽ ഏഴിനാണ് മദ്രാസ് ഹൈക്കോടതി ജഡ്‌ജിയാകുന്നത്. 2025 മേയ് 21 വരെ കാലാവധിയുണ്ടാകും.