a

ന്യൂഡൽഹി: വായു മലിനീകരണം ഇതിരൂക്ഷമായ ഡൽഹിയിൽ സ്കൂളുകൾ അടയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഹയർ സെക്കൻഡറി വരെ ഓൺലൈൻ ക്ളാസ് മതി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം.

വായു മലിനീകരണം നിയന്ത്രിക്കാൻ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ സ്റ്റേജ് നാല് നടപടികൾക്ക് ഇന്നലെ തുടക്കമിട്ടിരുന്നു. അവശ്യസാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾക്ക് മാത്രമാണ് ഡൽഹിയിലേക്ക് പ്രവേശനം. കെട്ടിടങ്ങളുടെയും ദേശീയപാതകളുടെയും നിർമ്മാണങ്ങൾ വിലക്കി. ബി.എസ് നാല് ഡീസൽ മീഡിയം - ഹെവി ഗുഡ്സ് വാഹനങ്ങളും നിരോധിച്ചു. നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവു വരെ പിൻവലിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. നിയന്ത്രണം ഏർപ്പെടുത്താൻ മലിനീകരണം രൂക്ഷമാകും വരെ കാത്തിരുന്ന വായു നിലവാര മാനേജ്മെന്റ് കമ്മിഷനെ വിമർശിക്കുകയും ചെയ്തു.

പാടംകത്തിക്കൽ: സാറ്റലൈറ്റ്

ദൃശ്യം കൈമാറണം

സമീപ സംസ്ഥാനങ്ങളിലെ പാടം കത്തിക്കൽ വായു മലിനീകരണത്തിന് പ്രധാന കാരണമാണെന്ന് സുപ്രീംകോടതി ആവർത്തിച്ചു. പാടം കത്തിക്കൽ എവിടെ നടക്കുന്നെന്ന് വ്യക്തമാകുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൈമാറണം. ഉടൻ നടപടിയെടുക്കാൻ വേണ്ടിയാണിത്. ഐ.എസ്.ആർ.ഒയുടെ സഹായം തേടണം. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ ഇവ നടപ്പാക്കിയത് സംബന്ധിച്ച് റിപ്പോർട്ട് നൽകണം.

14 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

പുകമഞ്ഞു കാരണം ഇന്നലെ 14 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. പതിമൂന്നെണ്ണം ജയ്‌പൂരിലേക്കും, ഒരെണ്ണം ഡെറാഡൂണിലേക്കും. ഇന്നലെ വായു നിലവാര സൂചിക ഗുരുതര വിഭാഗത്തിൽപ്പെട്ട 487 രേഖപ്പെടുത്തി.