
 ജാർഖണ്ഡിൽ അവസാനഘട്ടം
ന്യൂഡൽഹി : മഹായുതി, മഹാവികാസ് അഘാഡി മുന്നണികൾ ജീവന്മരണ പോരാട്ടം നടത്തുന്ന മറാത്ത മണ്ണിൽ നാളെ വോട്ടെടുപ്പ്. മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളും നാളെ ബൂത്തിലെത്തും.
ഭരണ തുടർച്ചയാണ് ബി.ജെ.പിയും ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗവും എൻ.സി.പി അജിത് പവാർ വിഭാഗവും അടങ്ങുന്ന മഹായുതി സഖ്യത്തിന്റെ ലക്ഷ്യം. ഭരണത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസ്-ശിവസേന ഉദ്ധവ് താക്കറെ -എൻ.സി.പി ശരദ് പവാർ വിഭാഗം ഉൾപ്പെടുന്ന മഹാവികാസ് അഘാഡി മുന്നണിയും പ്രതീക്ഷിക്കുന്നില്ല. 
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുൻനിര നേതാക്കൾ പ്രചാരണത്തിൽ സജീവമായിരുന്നു. ആകെ 4136 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇവരിൽ 2086 പേരും സ്വതന്ത്രർ. 
പരിഹസിച്ച് രാഹുൽ ; തിരിച്ചടിച്ച് ബി.ജെ.പി
'ഒറ്രക്കെട്ടായി നിന്നാൽ സുരക്ഷിതരാകും' എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാവാക്യത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ പരിഹസിച്ചു. നരേന്ദ്രമോദി, അമിത് ഷാ, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർ ഒറ്റക്കട്ടായി നിന്നാൽ അവർ സുരക്ഷിതരാണെന്നാണ് മുദ്രാവാക്യത്തിന്റെ യഥാർത്ഥ അർത്ഥമെന്ന് ആരോപിച്ചു. പരാമർശം രാഹുലിന്റെ താഴ്ന്ന നിലവാരം വെളിവാക്കുന്നതാണെന്ന് ബി.ജെ.പി നേതാവ് സംബിത് പാത്ര തിരിച്ചടിച്ചു.
ജാർഖണ്ഡിൽ 38 മണ്ഡലങ്ങൾ ബൂത്തിലേക്ക്
ജാർഖണ്ഡിലെ ആകെയുള്ള 81 നിയമസഭാ സീറ്റുകളിൽ 43 ഇടത്ത് നവംബർ 13ന് വോട്ടെടുപ്പ് നടന്നിരുന്നു. അവസാനഘട്ടമായ നാളെ ബാക്കിയുള്ള 38 മണ്ഡലങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കും. 528 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ ബാബുലാൽ മറാൻഡി തുടങ്ങിയവരാണ് പോരാട്ടത്തിലെ പ്രമുഖർ. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും 23നാണ് വോട്ടെണ്ണൽ.
 മഹായുതി സഖ്യം മത്സരിക്കുന്നത്
1. ബി.ജെ.പി - 149
2. ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗം - 81
3. എൻ.സി.പി അജിത് പവാർ വിഭാഗം - 58
 മഹാവികാസ് അഘാഡി
1. കോൺഗ്രസ് - 101
2. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം - 95
3. എൻ.സി.പി ശരദ് പവാർ വിഭാഗം - 86