sidhique

ന്യൂഡൽഹി: പീഡനക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നൽകിയതിലെ കാലതാമസം അടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യം. അതിജീവിതയുടെയും സംസ്ഥാന സർക്കാരിന്റെയും വാദങ്ങൾ ജസ്റ്റിസുമാരായ ബേല എം.ത്രിവേദി,​ സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം. വിചാരണക്കോടതിയിൽ പാസ്‌പോർട്ട് കെട്ടിവയ്‌ക്കണം എന്നിവയാണ് ജാമ്യഉപാധികൾ. അറസ്റ്റു രേഖപ്പെടുത്തുകയാണെങ്കിൽ ജാമ്യത്തിൽ വിടണമെന്നും വിചാരണക്കോടതിക്ക് മറ്റ് എന്തു ജാമ്യവ്യവസ്ഥയും വയ്‌ക്കാമെന്നും കോടതി വ്യക്തമാക്കി. സെപ്‌തംബർ 30ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

സിദ്ദിഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ രഞ്ജിത് കുമാർ അറിയിച്ചു. മലയാള സിനിമയിലെ രണ്ട് സംഘടനകൾ തമ്മിലുള്ള ചേരിപ്പോരാണ് കേസിന് പിന്നിലെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു.

'പരാതി നൽകിയത്

8 വർഷത്തിനു ശേഷം'

2016ൽ നടന്നുവെന്ന് പറയുന്ന പീഡനത്തിൽ എട്ടുവർഷത്തിനുശേഷം 2024ലാണ് അതിജീവിത പരാതി നൽകിയതെന്ന് കോടതി ഇന്നലെയും പറഞ്ഞു. ഫേസ്ബുക്കിൽ 2018ൽ നടനെതിരെ ആരോപണമുന്നയിച്ച് പോസ്റ്രിട്ടു. പോസ്റ്റിടാൻ പരാതിക്കാരി ധൈര്യം കാണിച്ചെങ്കിലും പൊലീസ് സ്റ്റേഷനിൽ പോകാത്തത് എന്തെന്ന് കോടതി ആരാഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നിലും ഹാജരായി മൊഴി നൽകിയില്ലെന്നും പറഞ്ഞു. അതിജീവിത നിശബ്‌ദയായിരുന്നില്ലെന്നും,​ ഫേസ്ബുക്ക് മുഖേന സംഭവത്തെക്കുറിച്ച് പറഞ്ഞുവെന്നും പരാതിക്കാരിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മറുപടി നൽകി. നടന്റെ ആരാധകരിൽ നിന്ന് സാമൂഹ മാദ്ധ്യമ ആക്രമണം നേരിടേണ്ടി വന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതും,​ ഹൈക്കോടതിയുടെ ഇടപെടലുകളുമാണ് പരാതി നൽകാൻ അതിജീവിതയ്‌ക്ക് ധൈര്യം പകർന്നതെന്നും ചൂണ്ടിക്കാട്ടി.

''കുടുംബത്തിന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടു

-ഷഹീൻ,

സിദ്ദിഖിന്റെ മകൻ