
ന്യൂഡൽഹി: ഒരാഴ്‌ചയ്‌ക്കിടെ അക്രമം വീണ്ടും രൂക്ഷമായ മണിപ്പൂരിൽ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ 2000 അർദ്ധസൈനികരെ കൂടി വിന്യസിച്ചു. 3000 സൈനികർ വരും ദിവസങ്ങളിലെത്തും. പുതിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്റർനെറ്റ് നിരോധനം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ജിരിബാമിനോട് ചേർന്ന അസാമിലെ കച്ചർ ജില്ലയിലെ അതിർത്തി അടച്ചു. അസാം പൊലീസ് കമാൻഡോകളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മെയ്‌തി അഭയാർത്ഥി ക്യാമ്പ് ആക്രമിച്ച് സ്‌ത്രീകളും കുട്ടികളെയും അടക്കം തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തിൽ എൻ.ഐ.എ അന്വേഷണം തുടങ്ങി. നവംബർ 7ന് ശേഷം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് എൻ.ഐ.എ രജിസ്റ്റർ ചെയ്‌തത്. ജിരിബാമിൽ പൊലീസ് വെടിവയ്പ്പിൽ മെയ്തി പ്രതിഷേധക്കാരൻ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ രണ്ടംഗ അന്വേഷണ സമിതി രൂപീകരിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ മുതിർന്ന ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്‌തു. ക്രമസമാധാനം ഉറപ്പാക്കാൻ അമിത് ഷാ കേന്ദ്രസേനയോട് ആവശ്യപ്പെട്ടു. ജനങ്ങളോട് ശാന്തരാകാനും അഭ്യർത്ഥിച്ചു.
നവംബർ 7 ന് ശേഷമുള്ള അക്രമങ്ങളിൽ 22 പേരാണ് കൊല്ലപ്പെട്ടത്.
യു.എന്നിന് നിവേദനം
മണിപ്പൂരിൽ നിലനിൽക്കുന്ന മനുഷ്യാവകാശ പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മെയ്‌തി സംഘടനകളുടെ കൂട്ടായ്‌മ ഐക്യരാഷ്ട്രസഭയ്ക്ക് (യു.എൻ) നിവേദനം അയച്ചു. കുക്കി ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും വലിയ ഗൂഢാലോചനയുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ അക്രമിച്ച് സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിടുന്നത്, അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നും നിവേദനത്തിൽ പറയുന്നു.
ബഹുജന പ്രതിരോധം
അതിനിടെ 27 എൻ.ഡി.എ എം.എൽ.എമാരുടെ യോഗം അക്രമികൾക്കെതിരെ ബഹുജന പ്രതിരോധത്തിന് ആഹ്വാനം ചെയ്‌തു. സംഭവത്തിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുക്കി വിഭാഗത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റ് ഉറപ്പുനൽകി. ആരോഗ്യപരമായ കാരണങ്ങളാൽ ഏഴ്പേർ അടക്കം 11 എം.എൽ.എമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നു.
രാഷ്ട്രപതിക്ക് കത്തയച്ച് കോൺ.
അതിനിടെ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തെഴുതി
കോൺഗ്രസ്. രാഷ്ട്രപതിയുടെ ഇടപെടലിലൂടെ ജനങ്ങൾക്ക് അന്തസ്സോടെ ജീവിക്കാനാകുമെന്ന് ഉറപ്പുണ്ടെന്ന് കത്തിൽ പറയുന്നു.
രാഷ്ട്രപതി, ഭരണഘടനയുടെ സംരക്ഷക എന്ന നിലകളിൽ മണിപ്പൂർ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ രാഷ്ട്രപതിയുടെ ഇടപെടൽ അനിവാര്യമാണ്.
- മല്ലികാർജ്ജുൻ ഖാർഗെ
കോൺഗ്രസ് അദ്ധ്യക്ഷൻ