
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ 288 അംഗ നിയമസഭയിലേക്കും 81 അംഗ ജാർഖണ്ഡ് നിയമസഭയിലെ 38 മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ്. രണ്ടിടത്തും 23നാണ് വോട്ടെണ്ണൽ. വൈകിട്ട് 6.30ന് ശേഷം എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. ജാർഖണ്ഡിൽ 13നായിരുന്നു ആദ്യ ഘട്ടം. മഹാരാഷ്‌ട്രയിൽ 9.7 കോടി വോട്ടർമാർ 4,140 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. 52,789 മേഖലകളിലായി 1,00,186 പോളിംഗ് സ്റ്റേഷനുകളുണ്ട്. ബി.ജെ.പി, ശിവസേന(ഷിൻഡെ), എൻ.സി.പി(അജിത് പവാർ) പാർട്ടികളുടെ മഹായുതി സഖ്യവും കോൺഗ്രസ്, ശിവസേന(ഉദ്ധവ്), എൻ.സി.പി(ശരദ് പവാർ) പാർട്ടികളുടെ മഹാവികാസ് അഘാഡി സഖ്യവും തമ്മിലാണ് മത്സരം.288 സീറ്റിൽ 62 എണ്ണവും ഉൾക്കൊള്ളുന്ന വിദർഭ മേഖല നിർണായകം. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ സന്താൽ പർഗാന, കോയാലാഞ്ചൽ, ഛോട്ടാനാഗ്പൂർ പ്രദേശങ്ങളിലെ 38 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബാബുലാൽ മറണ്ടി, പ്രതിപക്ഷ നേതാവ് അമർ ബൗരി, സ്പീക്കർ രവീന്ദ്രനാഥ് മഹാതോ, ജെ.എം.എം നേതാവ് കൽപ്പന സോറൻ, മുഖ്യമന്ത്രിയുടെ സഹോദരൻ ബസന്ത് സോറൻ, മന്ത്രി ഇർഫാൻ അൻസാരി, മുൻ ഉപമുഖ്യമന്ത്രി സുധേഷ് മഹാതോ തുടങ്ങിയവർക്ക് ഇന്ന് നിർണായകം.