
ന്യൂഡൽഹി: ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയിൽ കൊവിഡ് കാലത്ത് നിറുത്തിയ നേരിട്ടുള്ള വിമാന സർവീസും കൈലാസ് മാനസ സരോവർ യാത്രയും പുനരാരംഭിക്കാൻ നടപടികൾ തുടങ്ങി. ബ്രസീൽ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്‌ചയിലെ പ്രധാന ചർച്ച ഇതേക്കുറിച്ചായിരുന്നു. കിഴക്കൻ ലഡാക്കിലെ സേനാ പിൻമാറ്റവും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയും ഇരുവരും വിലയിരുത്തി.
അതിർത്തി തർക്കം ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയതോടെയാണ് നേരിട്ടുള്ള വിമാന സർവീസും കൈലാസ് മാനസരോവർ യാത്രയും പുനരാരംഭിക്കുന്നത് നീണ്ടത്. റഷ്യയിലെ കസാനിൽ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ബന്ധത്തിൽ ഉണർവുണ്ടായി. അതിർത്തിയിൽ സേനാ പിൻമാറ്റം നടന്നതിന് പിന്നാലെ ഉഭയകക്ഷി ബന്ധം വിപുലമാക്കാനുള്ള ചർച്ചകളും സജീവമായി.
സമാധാന ചർച്ചകളും ഉഭയകക്ഷി ബന്ധം വിപുലമാക്കാനുള്ള നടപടികളും ചർച്ച ചെയ്‌തെന്ന് സമൂഹമാദ്ധ്യമമായ എക്‌സിൽ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പങ്കിട്ട ജയശങ്കർ പറഞ്ഞു. ഉഭയകക്ഷി ബന്ധത്തിന്റെ തുടർ നടപടികളെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറിയെന്നും ആഗോള സാഹചര്യത്തെക്കുറിച്ച് ചർച്ച നടത്തിയെന്നും ജയശങ്കർ പറഞ്ഞു.