
ന്യൂഡൽഹി: ഡൽഹിയിലെ ഹിമാചൽ ഭവൻ ജപ്‌തി ചെയ്യാൻ ഹിമാചൽ ഹൈക്കോടതി ഉത്തരവിട്ടത് രാഷ്ട്രീയ വിവാദമായി. ഹിമാചൽ സർക്കാർ സ്വകാര്യ വൈദ്യുതി കമ്പനിക്ക് നൽകേണ്ട 150 കോടി കുടിശ്ശിക ഈടാക്കാനാണിത്. ഹിമാചൽ പ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ മണ്ഡിഹൗസ് മെട്രോ സ്റ്റേഷന് സമീപമുളള 27, സിക്കന്ദ്ര റോഡിലെ കെട്ടിടം കണ്ടുക്കെട്ടാനും, ലേലത്തിനും ഉത്തരവിട്ടത് ജസ്റ്റിസ് അജയ് മോഹൻ ഗോയലാണ്. സേലി ഹൈഡ്രോ ഇലക്ട്രിക് പവർ കമ്പനി ലിമിറ്റഡ്, സംസ്ഥാനത്തിന്റെ ഊർജ്ജ വകുപ്പിനെതിരെ നൽകിയ ഹർജിയിലാണ് നടപടി. കെട്ടിടം ലേലം ചെയ്യാൻ ആവശ്യമായ നടപടികൾ കമ്പനിക്ക് സ്വീകരിക്കാം. കുടിശ്ളിക കമ്പനിക്ക് അടച്ചുതീർക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ഡിസംബർ ആറിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കണം.
സർക്കാർ പരാജയപ്പെട്ടുവെന്ന് ബി.ജെ.പി
മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ, ഹിമാചൽ പ്രദേശിന്റെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ബി.ജെ.പി ആരോപിച്ചു. കേസ് നടത്തുന്നതിൽ പരാജയപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ കൂട്ടിച്ചേർത്തു. ഹിമാചൽ സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തുകയല്ലെന്നും, നിയമപോരാട്ടം നടത്തുന്ന വിഷയമാണെന്നും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു പ്രതികരിച്ചു. കേസ് നടത്തിപ്പിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.